| Saturday, 11th April 2026, 9:50 am

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് ശതമാനം വർധിച്ചപ്പോഴും വോട്ട് കൂടിയത് 73 മണ്ഡലങ്ങളിൽ മാത്രം

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്.

വോട്ടിങ് ശതമാനം 78.28 ശതമാനമായി ഉയർന്നെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് തപാൽ വോട്ടുകൾകൂടി പരിഗണിക്കുമ്പോൾ പോളിങ് ഇനിയും വർധിക്കും.

എന്നാൽ യഥാർത്ഥത്തിൽ വോട്ടിങ് ശതമാനം വർധിച്ചെങ്കിലും പോൾ ചെയ്ത വോട്ടിൽ 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വർധനവുണ്ടായത് 73 മണ്ഡലങ്ങളിൽ മാത്രമാണ്. ബാക്കി 67 മണ്ഡലങ്ങളിൽ 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.2 ലക്ഷം വോട്ടുകളുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഇതു പ്രകാരം ഒരു മണ്ഡലത്തിൽ 6200 വോട്ടിന്റെ കുറവാണുണ്ടായിട്ടുള്ളത്.

കൂടുതൽ വോട്ടു രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ശരാശരി 10000 വോട്ടുവീതമാണ് വർധനവ് സംഭവിച്ചിട്ടുള്ളത്. ഇതിലാകട്ടെ ഏറ്റവും കൂടുതൽ വർധനവുണ്ടായിട്ടുള്ള പത്ത് മണ്ഡലങ്ങളും മലപ്പുറം ജില്ലയിലാണ്, അവയാകട്ടെ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളും.

ഇതിനുപുറമെ ബേപ്പൂർ, പൊന്നാനി, പട്ടാമ്പി, ഗുരുവാരൂർ, കുന്നമംഗലം, കല്യാശേരി, പട്ടാമ്പി, ഉദുമ തുടങ്ങിയ ഇരുപതോളം എൽ.ഡി.എഫ് മണ്ഡലങ്ങളാണ് ലീഗിന്റെ ഉറച്ച സീറ്റുകൾക്ക് ശേഷം ഏറ്റവുംകൂടുതൽ വോട്ടുവർധനവുള്ള മണ്ഡലങ്ങൾ.

അതേസമയം യു.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന തിരുവമ്പാടി, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടുവർധനവുണ്ടായിട്ടില്ല.

മധ്യ തിരുവിതാംകൂർ മണ്ഡലങ്ങളായ കോന്നി, കുട്ടനാട്, ആറന്മുള, ചെങ്ങന്നൂർ, പാറശാല തുടങ്ങിയവയാണ് ഏറ്റവുമധികം വോട്ടുകുറഞ്ഞ മണ്ഡലങ്ങൾ.

അതേസമയം ആകെ 140 മണ്ഡലങ്ങളിൽ 113 ഇടത്ത് വോട്ടിങ് ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വിശദീകരിക്കുന്നത്.

എന്നാൽ വോട്ടർപട്ടിക പുനപരിശോധനക്ക് ശേഷം 9 ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞതാണ് വോട്ടിങ് ശതമാനത്തിലെ വർദ്ധനവിന് കാരണമെന്നാണ്‌ പൊതുവിലുള്ള വിലയിരുത്തൽ.

Content Highlight: Assembly elections; Even though the voting percentage increased, the number of votes increased in only 73 constituencies

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more