| Friday, 16th January 2026, 5:33 pm

'നീ എവിടെ നിന്ന് വന്നവനാണ്? നീ ഇവിടെത്തന്നെ മരിക്കും' കേന്ദ്ര സര്‍വകലാശാലയില്‍ അസം സ്വദേശിയ്ക്ക് ക്രൂരമര്‍ദ്ദനം

യെലന കെ.വി

അനൂപ്പൂര്‍: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ അസം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.

എം.എ ഇക്കണോമിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹിരോക് ജ്യോതി ദാസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കുകയും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 13-നാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഹിരോക്കിന്റെ ഹോസ്റ്റല്‍ മുറിയിലെത്തി പേരും സ്വദേശവും ചോദിച്ചതിന് ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാകെ പരിക്കേറ്റ ഹിരോക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ സാധിച്ചിട്ടില്ല.

നടന്നത് വംശീയ അതിക്രമമാണെന്നാണ് പ്രാഥമിക നിഗമനം. ‘നീ എവിടെ നിന്ന് വന്നവനാണ്? നീ ഇവിടെത്തന്നെ മരിക്കും’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ഹിറോക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം അഞ്ച് വിദ്യാര്‍ത്ഥികളെ അടിയന്തരമായി പുറത്താക്കി. സര്‍വകലാശാലയില്‍ അക്രമവും അച്ചടക്കലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവം മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന അഞ്ചല്‍ ചാഹ്‌മയുടെ കൊലപാതക കേസിലും സമാനമായ രീതിയിലാണ് അക്രമികള്‍ പ്രവര്‍ത്തിച്ചത്. ത്രിപുര സ്വദേശിയായ അഞ്ചല്‍ ചാഹ്‌മയ്‌ക്കെതിരെ ‘ചിങ്കി’, ‘മോമോസ്’ തുടങ്ങിയ വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയും ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേവലം വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ മാത്രമല്ല, വംശീയ വിദ്വേഷത്തിന്റെ തീവ്രരൂപങ്ങളാണെന്ന വിമര്‍ശനങ്ങളും ഇതിനോടകം ഉയരുന്നുണ്ട്.

Content Highlight: Assault on Assam student at MP university; racial angle being probed

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more