ഗുവാഹത്തി: കൊക്രോച്ച് ജനതാ പാര്‍ട്ടി കോ-കണ്‍വീനര്‍ ആശുതോഷ് റങ്ക പൊലീസ് കസ്റ്റഡിയില്‍. അസമിലെ ഗുവാഹട്ടിയില്‍ സി.ജെ.പി വൊളണ്ടിയേഴ്‌സ് മീറ്റിങിനെത്തിയതായിരുന്നു റങ്കയും അറസ്റ്റിലായ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും.
സി.ജെ.പിയുടെ ആദ്യ പ്രാദേശികയോഗം നടക്കാനിരുന്ന വേദി അസം പൊലീസ് ആദ്യമേ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നുവെന്നും നേതാക്കളെ കസ്റ്റഡിയിലെടുത്തെന്നുമാണ് റിപ്പോര്‍ട്ട്.
വേദിയിലേക്ക് എത്താന്‍ അനുവദിക്കാതെ റോഡ് മുഴുവന്‍ പൊലീസ് ബാരികേഡ് ചെയ്തിരിക്കുകയാണെന്നും കണ്ണീര്‍വാതകവുമായി പൊലീസ് തയ്യാറായി നില്‍ക്കുകയാണെന്നും നേരത്തേ പങ്കുവെച്ച വീഡിയോയില്‍ റങ്ക പറഞ്ഞിരുന്നു.
ഗ്യാനേഷ് കുമാറിനു പിന്നില്‍ ഒളിച്ചിരിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് എസ്.ഐ.ആറിലെ അട്ടിമറികള്‍ പുറത്തുവരുമോ എന്ന പേടിയാണെന്നും റങ്ക എക്‌സില്‍ കുറിച്ചിരുന്നു.
‘ഹിമന്ത മാമയ്ക്ക് ആളുകള്‍ വിവേകത്തോടെ സംസാരിക്കുന്നത് സഹിക്കാന്‍ കഴിയില്ല’, റങ്ക മുഖ്യമന്ത്രിയെ എക്‌സിലൂടെ പരിഹസിച്ചു.
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ഒരു ബസിനുള്ളില്‍ നിന്ന് ചിത്രീകരിച്ച് മറ്റൊരു വീഡിയോയില്‍, തന്റെ സര്‍ക്കാരിനെയും സ്‌കൂളുകളുടെ അവസ്ഥയെയും ബ്രഹ്‌മപുത്ര വെള്ളപ്പൊക്കത്തെയും തുറന്നുകാട്ടുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് റങ്ക പറഞ്ഞു.
അറസ്റ്റിലായവരെ തടവില്‍ വെച്ചിരിക്കുന്നിടത്തേക്ക് അഭിഭാഷകരെ അനുവദിക്കില്ല എന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു.
Content Highlight: Assam Police Blocks CJP, Detains Ashutosh Ranka, Team Ahead Of Guwahati Meet; Dipke Asks ‘Why So Scared?’