| Monday, 27th July 2026, 7:43 am

സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ആരോപണം; മൂന്ന് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

നിഷാന. വി.വി

ലഖിംപൂര്‍: രാജ്യവ്യാപകമായി നടന്ന സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് സമരം സംഘടിപ്പിക്കാന്‍ വാട്‌സ് ഗ്രൂപ്പ് നിര്‍മിച്ചുവെന്നാരോപിച്ച് മൂന്ന് മുസ് ലിം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് അസം പൊലീസ്.

ലഖിംപൂര്‍ ജില്ലയിലെ ലാലുക്ക് സ്വദേശികളായ മന്‍സൂര്‍ റഹ്‌മാന്‍ (23) അഷ്‌റഫുല്‍ ഇസ്‌ലാം(21) അബ്ദുല്‍ കാസിം ( 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ അനുമതി തേടി ലാലുക്ക പൊലീസ് സ്റ്റേഷനില്‍ പോയിരുന്നുവെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് കുടംബാംഗങ്ങള്‍ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സെക്ഷന്‍ 152 ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

തന്റെ മകന്‍ രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തുടനീളം യുവാക്കള്‍ പ്രതിഷേധിക്കുമ്പോള്‍ ഇവിടെയും പ്രതിഷേധം സംഘടിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മന്‍സൂറിന്റെ പിതാവ് മുജ്ബീര്‍ പറഞ്ഞു.

തങ്ങള്‍ മുസ്‌ലിങ്ങളായതുകൊണ്ടല്ലേ തങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്ന് അഷ്‌റഫുല്‍ ഇസ്‌ലാമിന്റെ പിതാവും ചോദിച്ചു. എന്നാല്‍ 36 ദിവസം നീണ്ടുനിന്ന സി.ജെ.പി പ്രതിഷേധം വിജയിക്കുകയും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കരുതെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തവ ഒഴിവാക്കണമെന്നുമുള്ള സി.ജെ.പിയുടെ നിബന്ധനയും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തിയുള്ള കേസ്.

Content Highlight: Assam Police arrest three Muslim youths; alleged to have created a WhatsApp group to organize a CJP protest.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more