ഡിസ്‌പുർ: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽനിന്നും വ്യാപകമായി പേരുവെട്ടുന്നതായി ആരോപിച്ച് അസം പ്രതിപക്ഷപാർട്ടികൾ.
കോൺഗ്രസ് അടക്കം ആറ് പ്രതിപക്ഷ പാർട്ടികൾ അസം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് ഇന്നലെ (ജനുവരി 25) മെമ്മോറാണ്ടം നൽകി.
സംസ്ഥാനത്ത് നടന്ന വോട്ടർപട്ടിക തീവ്ര പുനഃപരിശോധനക്ക് (എസ്.ഐ.ആർ) ശേഷം പുറത്തുവന്ന കരട് വോട്ടർപട്ടികയിൽ നിന്നും അകാരണമായി പേരുകൾ വെട്ടിനീക്കിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മെമ്മോറാണ്ടത്തിൽ പറയുന്നത്.
2025 ഡിസംബർ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 4.78 ലക്ഷം പേർ മരിച്ചതായും, 5.23 ലക്ഷം പേർ സ്ഥലം മാറിപോയതായും 53619 വോട്ടുകൾ ഒന്നിൽകൂടുതൽ തവണ രേഖപ്പെടുത്തിയതായും കണക്കാക്കുന്നു.
അതേസമയം നൂറുശതമാനം വീടുകളിലും പരിശോധന പൂർത്തീകരിച്ചെന്നും ഇലക്ഷൻ കമ്മീഷൻ പറയുന്നു.
കോൺഗ്രസ്, റൈജോർ ദൾ, അസം ജാതിയ പരിഷത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സിപിഐ (മാർക്സിസ്റ്റ്), സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്നീ പ്രതിപക്ഷ പാർട്ടികളാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
എസ്.ഐ.ആർ ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അവർ അവകാശപ്പെട്ടു.
1950-ലെ റെപ്രെസെന്റഷന് ഓഫ് ദി പീപ്ൾസ് ആക്ട്, രെജിസ്ട്രേഷൻ ഓഫ് ലക്റ്ററൽ റൂൾ 1960, മാന്വൽ ഓൺ ഇലക്ടറൽ റൂൾ 2023 എന്നീ നിയമ വ്യവസ്ഥകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ലംഘിച്ചതായി പ്രതിപക്ഷ പാർട്ടികൾ മെമ്മോറാണ്ടത്തിൽ ആരോപിക്കുന്നു.
2025 ഡിസംബർ 27 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ മരണമോ, സ്ഥലം മാറ്റമോ കാരണമാണ് വോട്ടുകൾ വെട്ടിയതെന്നാണ് ഇലക്ഷൻ കമ്മീഷന്റെ വാദം.
എന്നാൽ എങ്ങനെയാണ് ചെറിയകാലത്തിനുള്ളിൽ ഇത്രയും മരണവും, സ്ഥലം മാറ്റവും സംഭവിച്ചതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
ബി.ജെ.പി നേതാക്കൾ ബി.എൽ.ഓ മാരെ സ്വാധീനിച്ച് പേരുവെട്ടിയെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികളുടെ ആരോപണം.
Content Highlight: Assam opposition parties submitted a memorandum to Assam’s Chief Electoral Officer