| Thursday, 19th November 2026, 7:18 pm

പി.ജി ഡോക്ടര്‍മാരോട് വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ തീരുമാനങ്ങള്‍ മാറ്റിവെക്കണമെന്ന് അസം മെഡിക്കല്‍ കോളേജ്: വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ദേവിക ജയചന്ദ്രന്‍

ദിബ്രുഗര്‍: റെസിഡന്‍സി കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ മാറ്റിവെക്കണമെന്ന് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ബിരുദാനന്തര വിദ്യാര്‍ഥികളോട് (പി.ജി.ടി) നിര്‍ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ച് ദിബ്രുഗഡിലുള്ള അസം മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരുടെ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു.

നവംബര്‍ 18ന് ബുധനാഴ്ച ഉത്തരവിറക്കിയ മെഡിസിന്‍ വിഭാഗം മേധാവി പ്രശാന്ത ദിഹിംഗിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് പിന്‍വലിക്കുകയായിരുന്നു.

നേരത്തെയിറക്കിയ ഉത്തരവില്‍ പി.ജി.ടി വിദ്യാര്‍ഥികള്‍ പരിശീലന കാലയളവില്‍ ക്ലിനിക്കല്‍ ചുമതലകള്‍, രോഗീപരിചരണം, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, ഗവേഷണം എന്നിവയ്ക്കാവണം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് നിര്‍ദേശിച്ചിരുന്നു.

ഉത്തരവിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (ഫൈമ) രംഗത്തെത്തിയിരുന്നു. യുക്തിരഹിതമായ നിര്‍ദേശമെന്ന് ഇതിനെ വിശേഷിപ്പിച്ച സംഘടന, ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

‘ഇനി വിവാഹത്തിനും കുടുംബാസൂത്രണത്തിനും വകുപ്പ് മേധാവിയുടെ എന്‍.ഒ.സി കൂടി വേണമെന്നാണോ? ഇതേ യുക്തിയനുസരിച്ച് വകുപ്പ് മേധാവികളും വിരമിക്കുന്നത് വരെ 24 മണിക്കൂറും ആശുപത്രിയില്‍ കഴിയേണ്ടിവരും. രോഗീപരിചരണത്തോടുള്ള പ്രതിബദ്ധത എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകേണ്ടതല്ലേ?,’ വിവാദ ഉത്തരവ് പങ്കുവെച്ച് ഫൈമ എക്‌സില്‍ കുറിച്ചു.

റെസിഡന്റ് ഡോക്ടര്‍മാരുടെ വ്യക്തിജീവിതം നിയന്ത്രിക്കുന്നതിന് പകരം അവരുടെ ജോലിസമയം ക്രമീകരിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു.

‘റെസിഡന്‍സി ഒരു ബിരുദാനന്തര പഠന പദ്ധതിയാണ്. അല്ലാതെ ബ്രഹ്മചര്യത്തിനുള്ള പ്രതിജ്ഞയല്ല,’ ഫൈമ വ്യക്തമാക്കി.

പ്രതിഷേധം ശക്തമായതോടെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഉത്തരവ് പിന്‍വലിച്ചുകൊണ്ട് പ്രസ്താവനയിറക്കി.

‘റെസിഡന്‍സി കാലയളവിലെ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് മെഡിസിന്‍ വിഭാഗത്തിലെ പി.ജി.ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നിര്‍ദേശവുമായി ബന്ധപ്പെട്ട് 18.11.2026ന് പുറത്തിറക്കിയ എം.ഇ.ഡി/2026/5700 നമ്പര്‍ ഉത്തരവ് അടിയന്തര പ്രാബല്യത്തോടെ പിന്‍വലിക്കുന്നതായി അറിയിക്കുന്നു,’ ഉത്തരവ് പിന്‍വലിച്ച് കൊണ്ടുള്ള കുറിപ്പില്‍ വകുപ്പ് മേധാവി വ്യക്തമാക്കി.

Content Highlight:  Assam medical college department withdraws ‘defer marriage’ for PGTs

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more