| Monday, 10th November 2025, 4:38 pm

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ അംഗീകരിച്ച് അസം സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി അസമിലെ ബി.ജെ.പി സര്‍ക്കാര്‍. മന്ത്രിസഭ ബില്‍ അംഗീകരിച്ചതോടെ ബഹുഭാര്യത്വം ഇനിമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ബഹുഭാര്യത്വം ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബഹുഭാര്യത്വം മൂലം വഴിയാധാരമായ സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ അസം സര്‍ക്കാര്‍ പുതിയ ഫണ്ട് ആരംഭിക്കുമെന്നാണ് ഹിമന്ത പറഞ്ഞത്. മന്ത്രിസഭ പാസാക്കിയ ‘ദി അസം പ്രൊഹിബിഷന്‍ ഓഫ് പോളിഗമി ബില്‍ 2025’ നവംബര്‍ 25ന് നിയമസഭയില്‍ വെക്കുമെന്നും ഹിമന്ത അറിയിച്ചു.

അതേസമയം ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് ഈ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. ഇതുപ്രകാരം ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍, കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സില്‍, ദിമാ ഹസാവോ ഓട്ടോണമസ് കൗണ്‍സില്‍ എന്നിവയ്ക്ക് കീഴിലുള്ള മേഖലകളില്‍ പുതിയ ബില്‍ ബാധകമാകില്ല.

അസമിലെ 35 ജില്ലകളില്‍ എട്ട് ജില്ലകളും ഈ മൂന്ന് കൗണ്‍സിലുകളുടെ ഭാഗമാണ്. ഷെഡ്യൂള്‍ ആറ് അനുസരിച്ച് ഈ മേഖലയിലുള്ളവര്‍ക്ക് സ്വയംഭരണവും ഭൂമിയുടെ സംരക്ഷണവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

എന്നാല്‍ 2005ന് മുമ്പ് ആറാം ഷെഡ്യൂള്‍ മേഖലയില്‍ താമസിച്ചിരുന്ന മുസ്‌ലിങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നും ഹിമന്ത പറഞ്ഞു.

അതേസമയം അസം സര്‍ക്കാരിന്റെ നീക്കം സംസ്ഥാനത്തെ മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് നേരത്തെ വിമര്‍ശനമുണ്ട്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങള്‍ ഉള്ള സംസ്ഥാനമാണ് അസം. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം മുസ്‌ലിങ്ങളാണ് ഉള്ളത്.

മുമ്പ് മിയ മുസ്‌ലിങ്ങളെ അസം സ്വദേശികളായി അംഗീകരിക്കാന്‍ ഹിമന്ത ഏതാനും നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു.

ബഹുഭാര്യത്വം ഉപേക്ഷിക്കുക, കുട്ടികളുടെ എണ്ണം രണ്ടായി കുറക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ അസം സ്വദേശികളായി അംഗീകരിക്കാമെന്നായിരുന്നു ഹിമന്തയുടെ പ്രഖ്യാപനം.

Content Highlight: Assam government approves bill banning polygamy

We use cookies to give you the best possible experience. Learn more