| Thursday, 9th April 2026, 11:35 am

അസമില്‍ വിധിയെഴുത്ത്: മൂന്നാം ഊഴം തേടി എന്‍.ഡി.എ; ഭരണവിരുദ്ധ വികാരം വോട്ടാക്കാന്‍ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 126 അംഗ നിയമസഭയിലേക്ക് നടക്കുന്ന പോരാട്ടത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും, അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യവും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മികച്ച പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തിട്ടും പുലര്‍ച്ചെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ബൂത്തുകള്‍ക്ക് മുന്നില്‍ ദൃശ്യമായിരുന്നു. രാവിലെ 9 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 17.87% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

മജുലിയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് (20.03%) രേഖപ്പെടുത്തിയത്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ മേഖലയിലെ തമുല്‍പൂരിലാണ് (15.32%) നിലവില്‍ ഏറ്റവും കുറഞ്ഞ പോളിങ്. 35 ജില്ലകളിലായി 31,490 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. യുവാക്കളും സ്ത്രീകളും വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ‘വിക്ഷിത് അസം’ എന്ന ലക്ഷ്യത്തിനായി വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

‘അസമിലെ ഭൂമി, പെണ്‍കുട്ടികള്‍, ഉപജീവനമാര്‍ഗ്ഗം എന്നിവയുടെ സുരക്ഷ ഉറപ്പാക്കാനും, സംസ്ഥാനത്തെ നുഴഞ്ഞുകയറ്റത്തില്‍ നിന്നും അസ്ഥിരതയില്‍ നിന്നും മുക്തമാക്കാനും നിങ്ങളുടെ ഓരോ വോട്ടും നിര്‍ണ്ണായകമാണ്,’ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

40 ലക്ഷം പേര്‍ക്ക് ഗുണഫലം ലഭിക്കുന്ന ‘ഒരുനോഡോയ്’ പദ്ധതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധങ്ങള്‍.

എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജോര്‍ഹട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിച്ച കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്, അസമിന് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് ഓര്‍മ്മിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ ജനപ്രീതി കോണ്‍ഗ്രസിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തല്‍.

റൈജോര്‍ ദള്‍ പ്രസിഡന്റും ശിവസാഗറിലെ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ ഗൊഗോയ് ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ബി.ജെ.പി സര്‍ക്കാരില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസാഗറില്‍ നിന്ന് 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, ലുരിന്‍ജ്യോതി ഗോഗോയ്, ബി.ജെ.പിയുടെ പ്രദ്യുത് ബോര്‍ഡോലോയ് എന്നിവരും വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

സമീപ വര്‍ഷങ്ങളില്‍ കണ്ട ഏകപക്ഷീയമായ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അസമില്‍ പോരാട്ടം കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 1996-ന് ശേഷം മുന്നണികള്‍ തമ്മിലുള്ള സീറ്റ് വ്യത്യാസം കുറയുന്ന വാശിയേറിയ തെരഞ്ഞെടുപ്പായി ഇത് മാറിയേക്കാം.

വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരം വോട്ടാക്കാന്‍ ശ്രമിക്കുന്നത്.

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യവും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. റൈജോര്‍ ദള്‍, അസം ജാതീയ പരിഷത്ത്, ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരാണ് കോണ്‍ഗ്രസ് സഖ്യത്തിലുള്ളത്.

Content Highlight: Assam election 2026 17.87% voter turnout recorded till 9 a.m.

Latest Stories

We use cookies to give you the best possible experience. Learn more