ഗുവാഹത്തി: അസമിലെ ബി.ടിസി (ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍) തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എസ്) ഭരണം തിരിച്ചുപിടിച്ചു.
40 സീറ്റുകളില്‍ 28 സീറ്റ് നേടിയാണ് ബി.പി.എഫിന്റെ നിര്‍ണായക വിജയം. ഹഗ്രാമ മൊഹിലാരിയുടെ നേതൃത്വത്തിലാണ് ബി.പി.എസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ 17 സീറ്റായിരുന്നു ബി.പി.എഫ് നേടിയത്.
2016ന് ശേഷമുള്ള അസമിലെ ഒരു തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏറ്റവും മോശം പ്രകടനമാണിത്. 2020 മുതല്‍ ഭരണസഖ്യത്തിലുള്ള ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് മാത്രമാണ് നേടാനായത്.
ഹഗ്രാമ മൊഹിലാരിയും(ഇടത്) പ്രമോദ് ബോറോയും (വലത്)
ബി.ജെ.പിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യു.പി.പി.എല്‍) ഏഴ് സീറ്റും നേടി. തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും വിജയിക്കാനാകാതെ കോണ്‍ഗ്രസും മോശംപ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ആറ് മാസങ്ങള്‍ക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബി.ജെ.പിക്ക് നേരിട്ട തിരിച്ചടി വലിയ ചര്‍ച്ചയായിരിക്കുകയാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ യു.പി.പി.എല്ലും ബി.ജെ.പിയും സഖ്യം ചേര്‍ന്ന് കൗണ്‍സില്‍ ഭരണം പിടിച്ചിരുന്നു.
യു.പി.പി.എല്ലിന്റെ അധ്യക്ഷനായ പ്രമോദ് ബോറോയാണ് ചീഫ് എക്‌സിക്യൂട്ടീവായി അന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ആറാം ഷെഡ്യൂള്‍ ഉറപ്പുനല്‍കുന്ന സ്വയം ഭരണ കൗണ്‍സിലിലേക്കാണ് സെപ്റ്റംബര്‍ 26ന് വോട്ടെടുപ്പ് നടന്നത്. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ ഹഗ്രാമ മൊഹിലാരി സത്യപ്രതിജ്ഞ ചെയ്യും.
ബി.ടി.സിയിലെ ജനങ്ങളോടുള്ള യു.പി.പി.എല്ലിന്റെ അവഗണനയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് മൊഹിലാരി പറഞ്ഞു.
ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ ജനങ്ങള്‍ നിരാകരിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമായെന്ന് ടി.എം.സി നേതാവ് സുഷ്മിത ദേവ് പ്രതികരിച്ചു.
Content Highlight: Assam BTC Election 2025 BJP defeated, BPF sweeps poll