| Wednesday, 17th September 2025, 8:20 pm

ബി.ജെ.പിയില്ലാത്ത അസമില്‍ 90 ശതമാനവും മുസ്‌ലിങ്ങളായിരിക്കും, തെരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ വീഡിയോ പങ്കുവെച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: 2026ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇസ്‌ലാമോഫോബിയയുള്ള എ.ഐ. വീഡിയോ പങ്കുവെച്ച് അസം ബി.ജെ.പി. ബി.ജെ.പിയില്ലാത്ത അസം എങ്ങനെയാകുമെന്നതിന്റെ എ.ഐ പതിപ്പാണ് വീഡിയോയുടെ ഉള്ളടക്കം. അസമിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ബുര്‍ഖയും തൊപ്പിയും ധരിച്ചവരെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബീഫ് നിയമവിധേയമാകുമെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ മുസ്‌ലിം വേഷധാരിയായ വൃദ്ധന്‍ പോത്തിനെ വെട്ടുന്നതും പിന്നീട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാകിസ്ഥാന്‍ പതാകയുടെ മുന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാനാകും. ‘പാകിസ്ഥാന്‍ ലിങ്ക് പാര്‍ട്ടി’ എന്നാണ് രാഹുല്‍ ഗാന്ധിയെ കാണിച്ചപ്പോള്‍ വീഡിയോയില്‍ വന്ന വാചകം.

അസമിലെ തേയില എസ്‌റ്റേറ്റുകള്‍, ഗുവാഹത്തി എയര്‍പോര്‍ട്ട്, ഗുവാഹത്തി സ്‌റ്റേഡിയം, അക്കോലന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്ക്, രണ്‍ ഘട്ട്, ഗുവാഹത്തി ടൗണ്‍ എന്നിവിടങ്ങളിലെല്ലാം തൊപ്പിയും ലുങ്കിയും ധരിച്ച മുസ്‌ലിം പുരുഷന്മാരും ബുര്‍ഖ ധരിച്ച സ്ത്രീകളെയും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അസം മുഴുവന്‍ മുസ്‌ലിങ്ങളുടെ നിയന്ത്രണത്തിലാകുമെന്നാണ് വീഡിയോയിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നത്.

അതിര്‍ത്തി കടന്ന് കുടിയേറ്റക്കാരായ മുസ്‌ലിങ്ങളും അസമിലേക്ക് കടക്കുമെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ മുസ്‌ലിം വേഷധാരികള്‍ കയ്യേറുമെന്നും സംസ്ഥാനത്തിന്റെ 90 ശതമാനം ജനസംഖ്യയും മുസ്‌ലിങ്ങളായിരിക്കുമെന്നും കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ‘നിങ്ങളുടെ വോട്ടുകള്‍ സൂക്ഷിച്ച് വിനിയോഗിക്കുക’ എന്ന് വീഡിയോയുടെ അവസാനത്തില്‍ സൂചന നല്‍കുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന അസമില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വലിയരീതിയില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ട് പലപ്പോഴായി ഹിമന്ത സംസാരിച്ചത് വിവാദമായിരുന്നു.

വീഡിയോക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. ഈ വീഡിയോ വെറുപ്പുളവാക്കുന്നതാണെന്നാണ് ഒവൈസി പറഞ്ഞത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ നിലനില്‍പ്പ് അവര്‍ക്ക് പ്രശ്‌നമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ബി.ജെ.പി പങ്കുവെച്ച വീഡിയോക്ക് കീഴില്‍ ഒരുപാട് പേര്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ‘വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ ആശയമാണെങ്കിലും അത് കൃത്യമായി പിന്തുടര്‍ന്നത് ബി.ജെ.പി മാത്രമാണ്’, ‘പാകിസ്ഥാനില്ലാതെ ബി.ജെ.പിക്ക് നിലനില്‍ക്കാനാകില്ല’, തുടങ്ങി നിരവധിയാളുകള്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Assam BJP shares Islamophobic video before Election

We use cookies to give you the best possible experience. Learn more