| Monday, 2nd March 2026, 9:10 pm

എന്നെക്കാള്‍ താരമൂല്യമുള്ള നായകന്മാരെ അവന് കിട്ടുമായിരുന്നു, പക്ഷേ അവന്‍ അത് ചെയ്തില്ല: അസ്‌കര്‍ അലി

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അസ്‌കര്‍ അലി. ആസിഫ് അലിയുടെ സഹോദരന്‍ കൂടെയായ അസ്‌കര്‍ ഹണി ബീ ടൂ എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെമ്പരത്തിപൂവ്, കാമുകി, എന്നീ സിനിമകളില്‍ അഭിനയിച്ചു. ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോള്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന സംഭവം അധ്യായം ഒന്ന് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അസ്‌കര്‍ അലി. ദുരൂഹത നിറഞ്ഞ, അതിനൊപ്പം ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് സംഭവം അധ്യായം ഒന്ന് എന്ന് അദ്ദേഹം പറയുന്നു.

‘ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ് ഈ സിനിമ. ഫിറോസ് എന്ന ഒരു സിവില്‍ പൊലീസ് ഓഫീസറുടെ റോളാണ് എന്റേത്. സിനിമയില്‍ എന്നെ കൂടാതെ വിനീത് കുമാറും അസീം ജമാലുമുണ്ട്. ഞങ്ങള്‍ മൂന്നു പേരുടെയും യാത്രയിലൂടെയാണ് സിനിമയുടെ പോക്ക്. കാടിനകത്താണ് 95 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത്. സിനിമാ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ.

എന്റെയൊരു സുഹൃത്തിന്റെ സുഹൃത്തായിരുന്നു ജിത്തു. അവന്‍ നേരത്തേ എന്നോട് ഒരു കഥ പറഞ്ഞു. നല്ല കഥയായിരുന്നു. അതിന്റെ പ്രൊഡക്ഷനെപ്പറ്റി ആലോചിക്കുന്ന സമയത്ത് അവന്‍ ഷോര്‍ട്ട് ഫിലിം ചെയ്തു. സംഭവം എന്നായിരുന്നു അതിന്റെ പേര്. യുട്യൂബില്‍ അത് വലിയ ഹിറ്റായി. അതോടെ ആ കഥ വികസിപ്പിച്ച് സിനിമ യാക്കിയാലോ എന്ന ആലോചന വന്നു,’ അസ്‌കര്‍ അലി പറയുന്നു.

അതിനായി നിര്‍മാതാവിനെ അന്വേഷിക്കുന്ന സമയത്തുതന്നെ ഷോര്‍ട്ട് ഫിലിം കണ്ട് ഇപ്പോഴത്തെ നിര്‍മാതാക്കള്‍ അവനെ വിളിച്ചുവെന്നും ഒരു മാസത്തിനുള്ളില്‍ത്തന്നെ സിനിമ തുടങ്ങിയെന്നും നടന്‍ പറയുന്നു. ഷോര്‍ട്ട് ഫിലിം ഹിറ്റായിട്ടും ജിത്തു തന്നെ കൈവിട്ടില്ല എന്നും ഈ ഷോര്‍ട്ട് ഫിലിം കാണിച്ചാല്‍ തന്നെക്കാള്‍ താരമൂല്യമുള്ള നായകന്മാരെ കിട്ടുമായിരുന്നു, പക്ഷേ, അദ്ദേഹം അത് ചെയ്തില്ലെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ജിത്തു സതീശന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സംഭവം അധ്യായം ഒന്ന് സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മിസ്റ്ററി ഫാന്റസി ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്. നല്ല സിനിമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫഹദ് സിദിഖ്, ഫഹാസ് മറ്റപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Content Highlight:  Askar Ali talks about his upcoming film, sambavam adhyayam onnu

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more