| Friday, 18th July 2025, 6:11 pm

എന്റെ പരിചയകുറവും ഓവര്‍ കോണ്‍ഫിഡന്‍സുമാകാം സിനിമയെ ബാധിച്ചത്: അസ്‌കര്‍ അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അസ്‌കര്‍ അലി. ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.

പിന്നീട് കാമുകി, ജീം ബൂം ബ തുടങ്ങിയ മലയാള സിനിമകളിലും ലവ് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പല സിനിമകളും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ഇപ്പോള്‍ താന്‍ ചെയ്ത സിനിമകളില്‍ എന്നെങ്കിലും റിഗ്രറ്റ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അസ്‌കര്‍ അലി. ഒരിക്കലും റിഗ്രറ്റ് തോന്നിയിരുന്നില്ലെന്നും അതിലൂടെ തനിക്ക് കുറേ എക്‌സ്പീരിയന്‍സ് കിട്ടിയെന്നും നടന്‍ പറയുന്നു.

തന്റെ സിനിമകളുടെ മേക്കേഴ്‌സൊക്കെ വളരെ നല്ല ആളുകളായിരുന്നുവെന്നും എന്നാല്‍ തന്റെ അഭിനയത്തിലെ പരിചയകുറവും ഓവര്‍ കോണ്‍ഫിഡന്‍സുമൊക്കെയാകും ആ സിനിമകളുടെ വിജയത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ചെയ്ത പടങ്ങളില്‍ റിഗ്രറ്റ് തോന്നിയിരുന്നോ എന്ന് ചോദിച്ചാല്‍, ഒരിക്കലുമില്ല. ആ സിനിമകളൊക്കെ ചെയ്തത് കൊണ്ട് എനിക്ക് കുറേ എക്‌സ്പീരിയന്‍സ് കിട്ടി. എങ്ങനെ അഭിനയിക്കണമെന്നും എങ്ങനെ അഭിനയിക്കരുതെന്നും ഞാന്‍ മനസിലാക്കി.

അതൊക്കെ മനസിലാക്കാനുള്ള എക്‌സ്പീരിയന്‍സ് മാത്രമായിട്ടാണ് ഞാന്‍ മുമ്പ് ചെയ്ത സിനിമകളെയൊക്കെ കണ്ടിരിക്കുന്നത്. ആ സമയത്ത് സിനിമയില്‍ വന്നതോടെ ഞാനൊരു സിനിമാ നടനായി എന്ന തോന്നലുണ്ടായി.

ഇടയ്ക്ക് ഇതൊക്കെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോയെന്ന് ചിന്തിച്ചിരുന്നു. പക്ഷെ ആളുകള്‍ സിനിമയുടെ കഥയുമായി എന്നെ അപ്രോച്ച് ചെയ്യുമ്പോള്‍ ‘എന്നെ കൊണ്ട് പറ്റുന്നത് കൊണ്ടാകും അവര്‍ ഇങ്ങനെ അപ്രോച്ച് ചെയ്യുന്നത്’ എന്ന തോന്നലും ഉണ്ടായി.

ഞാന്‍ ചെയ്ത സിനിമകളുടെ മേക്കേഴ്‌സൊക്കെ വളരെ നല്ല ആളുകളായിരുന്നു. എനിക്ക് തോന്നിയ കാര്യം, എന്റെ അഭിനയത്തിലെ പരിചയകുറവും ഓവര്‍ കോണ്‍ഫിഡന്‍സുമൊക്കെയാകും എന്റെ സിനിമയുടെ വിജയത്തെ ബാധിച്ചത് എന്നാണ്,’ അസ്‌കര്‍ അലി പറയുന്നു.


Content Highlight: Askar Ali Talks About His Films

We use cookies to give you the best possible experience. Learn more