| Sunday, 20th July 2025, 8:03 am

ആസിക്ക പറഞ്ഞാല്‍ എനിക്ക് അഡ്മിഷന്‍ കിട്ടുന്ന കേരളത്തിലെ ഒരേയൊരു കോളേജ് അതുമാത്രം: അസ്‌കര്‍ അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സഹോദരനായ ആസിഫ് അലി സിനിമയിലേക്ക് വരുന്നത് വരെ തനിക്ക് സിനിമയെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്നുവെന്ന് പറയുകയാണ് നടന്‍ അസ്‌കര്‍ അലി. അതുവരെ തിയേറ്ററില്‍ പോയി സിനിമ കാണുന്ന പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

സ്‌ക്രീനില്‍ കാണുന്നവരൊക്കെ ശരിക്കും ഉള്ളവരാണോ, അതോ സിനിമയിലേക്ക് ആളുകളെ പുറത്ത് നിന്ന് എടുക്കുന്നുണ്ടോയെന്നൊന്നും അറിയാത്ത സമയമായിരുന്നുവെന്നും അസ്‌കര്‍ പറഞ്ഞു. എന്നാല്‍ സഹോദരനായ ആസിഫ് സിനിമയില്‍ വന്നതോടെ എല്ലാവര്‍ക്കും കയറി പറ്റാന്‍ സാധിക്കുമെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അസ്‌കര്‍ അലി.

‘ആസിക്ക സിനിമയിലേക്ക് വരുന്നത് വരെ എനിക്ക് സിനിമ എന്നത് ഒരു സ്വപ്‌നം മാത്രമായിരുന്നു. നമുക്ക് തിയേറ്ററില്‍ പോയി സിനിമ കാണുന്ന പരിചയം മാത്രമല്ലേയുള്ളൂ. അതില്‍ കാണുന്നവരൊക്കെ ശരിക്കും ഉള്ളവരാണോ, അതോ സിനിമയിലേക്ക് ആളുകളെ പുറത്ത് നിന്ന് എടുക്കുന്നുണ്ടോ എന്നൊന്നും നമുക്ക് അറിയില്ലല്ലോ.

പക്ഷെ ഇക്ക സിനിമയില്‍ വന്നതോടെ ഇതില്‍ എല്ലാവര്‍ക്കും കയറി പറ്റാന്‍ സാധിക്കുമെന്ന് മനസിലായി. ഞാന്‍ പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് ഇക്കയുടെ ആദ്യ സിനിമ വരുന്നത്. സ്‌കൂളിലൊക്കെ ഞാന്‍ വളരെ സൈലന്റായിരുന്നു. കോളേജില്‍ പോയപ്പോഴാണ് ഞാന്‍ അതൊന്ന് മുതലെടുത്ത് തുടങ്ങിയത്.

പിന്നെ നമ്മള്‍ അതൊന്നും സത്യത്തില്‍ മുതലെടുക്കേണ്ട ആവശ്യമില്ല. എല്ലാം നമ്മുടെ കയ്യില്‍ കൊണ്ടുവന്നു തന്നോളും. ഇക്ക പഠിച്ച കോളേജില്‍ തന്നെയായിരുന്നു ഞാനും പഠിച്ചത്. ഇക്കയെ പഠിപ്പിച്ച അതേ ടീച്ചേഴ്‌സ് തന്നെയാണ് എന്നെയും പഠിപ്പിച്ചത്.

ഇക്ക പറഞ്ഞാല്‍ എനിക്ക് അഡ്മിഷന്‍ കിട്ടുന്ന കേരളത്തിലെ ഒരേയൊരു കോളേജും അത് മാത്രമായിരുന്നു (ചിരി). വേറെ എവിടെയും എന്നെ അടുപ്പിച്ചിട്ടില്ല. കാരണം പത്താം ക്ലാസിലും പ്ലസ് ടുവിലും ഒക്കെ അത്രയും നല്ല ശതമാനമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്.

അതുകൊണ്ട് ഹോസ്റ്റല്‍ ജീവിതവും ഫ്രണ്ട്‌സുമൊക്കെയായി നമ്മള്‍ തകര്‍ത്ത് ജീവിക്കുകയായിരുന്നു. പിന്നെ കോളേജ് ലൈഫിന്റെ ഇടയില്‍ എന്തെങ്കിലുമൊക്കെ തമാശകള്‍ കാണുമല്ലോ. അതൊക്കെ തന്നെയാണ് കാര്യങ്ങള്‍,’ അസ്‌കര്‍ അലി പറയുന്നു.


Content Highlight: Askar Ali Talks About His Brother Asif Ali

We use cookies to give you the best possible experience. Learn more