സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസ്‌കര്‍ അലി. 2017ല്‍ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലിയുടെ ഇളയ സഹോദരന്‍ കൂടിയാണ് അസ്‌കര്‍. ഹണി ബീ 2.5വിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
പിന്നീട് കാമുകി, ജീം ബൂം ബ തുടങ്ങിയ ചില സിനിമകളിലും അഭിനയിച്ചിരുന്നു. സിനിമയുടെ പേര് കാരണം വിവാദത്തില്‍പ്പെട്ട ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്‌കറിന്റെ പുതിയതായി തീയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രം. ഇപ്പോള്‍ സിനിമ ഇറങ്ങുമ്പോള്‍ റിവ്യൂവിന്റെ കാര്യം ഓര്‍ത്ത് തനിക്ക് പേടിയാണെന്ന് അസ്‌കര്‍ പറയുന്നു.
കുറച്ച് മുമ്പ് വരെ റിവ്യൂവേഴ്‌സ് കുറവായിരുന്നുവെന്നും ഇപ്പോള്‍ സിനിമ ഇറങ്ങുന്നതിന് മുമ്പ് ചില റിവ്യൂവേഴ്‌സിന്റെ മുഖമൊക്കെ കണ്ട് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സൗണ്ട് കേള്‍ക്കുമ്പോഴും എന്താണ് അവര്‍ പറയുക എന്നോര്‍ത്തും തനിക്ക് ടെന്‍ഷനാകുമെന്നും അസ്‌കര്‍ പറയുന്നു. പണ്ടൊക്കെ സിനിമ ഇറങ്ങുമ്പോള്‍ കൂട്ടുകാരോടാണ് താന്‍ അഭിപ്രായം ചോദിച്ചിരുന്നതെന്നും ഇപ്പോള്‍ റിവ്യു എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അസ്‌കര്‍.
‘ഏറ്റവും വലിയ ഭാഗ്യം അന്ന് റിവ്യൂ ചെയ്യുന്ന ആളുകള്‍ വളരെ കുറവാണ്. ഇപ്പോള്‍ ചില റിവ്യൂവേഴ്‌സിന്റെ മുഖമൊക്കെ ഓര്‍മ വന്ന് ഞാന്‍ ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്. പടം ഇറങ്ങുമ്പോള്‍ ഇവരൊക്കെ എന്നെ കൊല്ലുമോ എന്ന് വിചാരിക്കും. എല്ലാരുടെയും മോഡുലേഷന്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഇവരുടെ സൗണ്ട് തുടങ്ങുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനാണ്. എന്തായിരിക്കും ഇവര്‍ പറയുക എന്ന് ഓര്‍ത്തിട്ട്.
ഞാന്‍ സുഹൃത്തുക്കള്‍ ഒരുപാട് ഉള്ള ആളാണ്. എന്റെ സിനിമ ഇറങ്ങുമ്പോള്‍ ഇവരെയൊക്കെ ഞാന്‍ വിളിച്ചുവരുത്തി ചുറ്റും ഇരുത്തും. പടം എങ്ങനെയുണ്ടെടാ എന്ന് ചോദിക്കും. പിന്നെ ഞാന്‍ ആ ടോപ്പിക്കേ വിടും. പക്ഷേ ഇനി എനിക്ക് നല്ല ടെന്‍ഷനാണ്. റിവ്യൂവൊക്കെ വന്ന് തുടങ്ങുമ്പോള്‍ ഞാന്‍ എങ്ങനെ അത് കൈകാര്യം ചെയ്യുമെന്ന് ഓര്‍ത്ത്. പിന്നെ പ്രധാനമായും ഇതൊക്കെ ഉള്ളതുകൊണ്ടാണ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. കാരണം നമ്മളുടെ തെറ്റ് കണ്ട് പിടിക്കാന്‍ റിവ്യൂവേഴ്‌സ് ഉള്ളതുകൊണ്ട് നമ്മള്‍ ശരിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,’ അസ്‌കര്‍ അലി പറയുന്നു.
Content Highlight:: Askar Ali says that he is afraid of reviewers