| Thursday, 19th March 2026, 10:14 am

ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും കിടിലന്‍ തിരക്കഥ; ഒന്നിലും സംശയമുണ്ടായിരുന്നില്ല: അസ്‌കര്‍ അലി

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അസ്‌കര്‍ അലി.  മലയാളികളുടെ പ്രിയ നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ കൂടിയായ അസ്‌കര്‍ ഹണി ബീ ടൂ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെമ്പരത്തിപൂവ്, കാമുകി, ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ സിനിമകളിലും അഭിനയിച്ചു.

ഇപ്പോഴിതാ താരത്തിന്റെ സംഭവം അധ്യായം ഒന്ന് എന്ന സിനിമ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 6നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹെപ്പോ, പ്രൊമോഷനോ ഇല്ലാതെ വന്ന ഈ മിസ്റ്ററി ഫാന്റസി ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

സിനിമയുടെ സക്‌സസ് മീറ്റില്‍ അസ്‌കര്‍ അലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ വായിച്ചതില്‍ ഏറ്റവും മികച്ച തിരക്കഥയാണ് സംഭവം സിനിമയുടെ തിരക്കഥയെന്നും ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഇത്രയും പ്രോപ്പര്‍ ഒരു സ്‌ക്രിപ്റ്റ് ഞാന്‍ ഇതിന് മുമ്പ് വായിച്ചിട്ടില്ല. അത്രയും വിശദാംശങ്ങളോടെയാണ് ഈ തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് വായിച്ച് കഴിഞ്ഞ് എനിക്ക് യാതൊരുവിധത്തിലുമുള്ള സംശയങ്ങളും ഉണ്ടായില്ല. ജിത്തുവുമായിട്ട് സംസാരിക്കുമ്പോഴും എനിക്ക് സിനിമയെ പറ്റി നല്ലൊരു ക്ലാരിറ്റി ഉണ്ടായിരുന്നു.

പിന്നെ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞിട്ട് ജിത്തു പറഞ്ഞത് ഇപ്പോള്‍ ഇത്രയും മതി ബാക്കി സെറ്റില്‍ വന്ന് പൊളിക്കാം എന്നാണ്. ശരിക്കും ഒരു ആഘോഷമായിട്ടാണ് ഞാന്‍ ഈ സിനിമ ചെയ്തത്. അതുപോലെ ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കിടിലന്‍ സ്‌ക്രിപ്റ്റാണ് സംഭവം. എന്നെവെച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞത് തന്നെ സന്തോഷമുള്ള കാര്യമാണ്, പിന്നീട് അത് പ്രൊഡ്യൂസര്‍ അക്‌സപ്റ്റ് ചെയ്യുന്നു,’ അസ്‌കര്‍ അലി പറയുന്നു.

മികച്ച ഒരു ടീമായിരുന്നു സിനിമയുടേതെന്നും സെറ്റിലെത്തിയ ആദ്യ ദിവസം മുതല്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അക്‌സര്‍ അലി പറഞ്ഞു. എന്ത് സംശയമുണ്ടെങ്കിലും താന്‍ അസോസിയേറ്റിനോട്
ചോദിക്കുമെന്നും സംവിധായകനില്ലെങ്കിലും സെറ്റിലെ മറ്റാരോടെങ്കിലും ചോദിച്ചാലും പല കാര്യങ്ങളിലും വ്യക്തയുണ്ടാകാറുണ്ടെന്നും അസ്‌കര്‍ പറഞ്ഞു. സംഭവത്തിന്റ സൈറ്റില്‍ ശരിക്കും നല്ലൊരു ഫ്രണ്ട് സര്‍ക്കിളുണ്ടായിരുന്നുവെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വിനീത് കുമാര്‍, സിദ്ധാര്‍തത്ഥ് ഭരതന്‍, അസീം ജമാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സംഭവം റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പൂര്‍ണ്ണമായും കാട് പശ്ചാത്തലമായെത്തിയ ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

Content Highlight: Askar ali about  sambavam cinema

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more