2015 വരെ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്ന നായികയായിരുന്നു അസിന്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറിയ താരം 2015 ല്‍ പുറത്തിറങ്ങിയ ഓള്‍ ഇസ് വെല്‍ എന്ന ചിത്രത്തോട് കൂടി സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.
2016 ല്‍ വിവാഹിതയായ താരം പിന്നീട് സമൂഹ മാധ്യമങ്ങളിലോ സിനിമകളുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചകളിലോ യാതൊരു വിധ സാന്നിധ്യവുമില്ലാത്ത വിധത്തില്‍ ഇടവേളയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് അസിന്റെ പങ്കാളി രാഹുല്‍ ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വലിയ രീതിയില്‍ വൈറലായിരുന്നു.
അസിന്‍ നയന്‍താര തൃഷ. Photo: Ric/x.com
ഇതോടെ താരത്തിന്റെ സിനിമയില്‍ നിന്നുമുള്ള പിന്മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സിനിമാ പേജുകളും ആരാധകരും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ സൗന്ദര്യവും പ്രസരിപ്പും ഒട്ടും നഷ്ടപ്പെടാത്ത താരം, ഇന്ത്യന്‍ സിനിമയിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആവാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്നാണ് ഏവരുടെയും അഭിപ്രായം.
അസിന്റെ സമകാലികരായ പല നടിമാരും അന്യഭാഷകളില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ സഹായം തേടുമ്പോള്‍ താരം അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തമായാണ് ഡബ്ബ് ചെയ്തിരുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഗജിനിയില്‍ മികച്ച കെമിസ്ട്രിയോടെ അഭിനയിച്ച താരം ബോളിവുഡില്‍ ആമിര്‍ ഖാനൊപ്പവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
സിനിമയില്‍ നിന്നും പത്ത് വര്‍ഷത്തോളം വിട്ട് നിന്നിട്ടും അസിന് ആരാധകര്‍ നല്‍കുന്ന സ്‌നേഹവും സ്വീകരണവും കുറഞ്ഞ കാലം കൊണ്ടുതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്.
Photo: Khafa entertainments
ഭരതനാട്യം നര്‍ത്തകിയായ അസിന്‍ 2003 ല്‍ പുറത്തിറങ്ങിയ എം.കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. തന്റെ മൂന്നാമത്തെ തമിഴ് ചിത്രമായ ഗജിനി കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ശിവകാശി, പോക്കിരി, ദശാവതാരം തുടങ്ങി വമ്പന്‍ തമിഴ് ചിത്രങ്ങളിലും താരം നായികയായെത്തി. 2009 ല്‍ തമിഴ്‌നാട്ടില പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ അസിനെ ആദരിച്ചിരുന്നു.
Content Highlight: Asin’s new photo went viral on social media