| Friday, 11th July 2025, 7:56 am

അമർ അക്ബർ അന്തോണിയിലെ മൂന്നുപേരിൽ ഒരാൾ ആസിഫ്, എന്നാൽ പിൻമാറുകയായിരുന്നു: നാദിർഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാദിർഷയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചേർന്ന് ഒരുക്കിയ തിരക്കഥയിൽ വന്ന ചിത്രം തിയേറ്ററുകളിൽ വൻവിജയമായിരുന്നു. നാദിർഷ തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത്. ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അമര്‍ അക്ബര്‍ അന്തോണി പ്ലാന്‍ ചെയ്തപ്പോള്‍ മൂന്ന് പേരില്‍ ഒരാളായി കാസ്റ്റ് ചെയ്തത് ആസിഫ് അലിയെ ആയിരുന്നെന്നും താനാണ് ഡയറക്ടര്‍ എന്നുപറഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കേണ്ട എന്നാണ് ആസിഫ് അലി പറഞ്ഞതെന്നും നാദിര്‍ഷ പറയുന്നു.

എന്നാല്‍ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ കംഫര്‍ട്ടായി അഭിനയിക്കാന്‍ ക്ലാസ്‌മേറ്റ്‌സ് ഗ്രൂപ്പാണ് നല്ലതെന്ന് പറഞ്ഞെന്നും അതുകേട്ടപ്പോള്‍ ആസിഫ് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നും നാദിർഷാ കൂട്ടിച്ചേര്‍ത്തു. സൈന്‍പ്ലസ് പ്രൊഡക്ഷന്‍സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം അമര്‍ അക്ബര്‍ അന്തോണി പ്ലാന്‍ ചെയ്തപ്പോള്‍ മൂന്ന് പേരില്‍ ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് ആയിരുന്നു. ഞാനാണ് ഡയറക്ടര്‍ എന്നുപറഞ്ഞപ്പോല്‍ ‘കഥ പോലും കേള്‍ക്കേണ്ട എനിക്ക് ഇക്കയല്ലേ ഡയറക്ടര്‍, അത് വിട്ടേക്ക്. ഞാന്‍ വന്ന ചെയ്‌തോളാം’ എന്ന് പറഞ്ഞതാണ്. അതില്‍ ആസിഫ്, അജു വര്‍ഗീസ് ഒക്കെയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.

പക്ഷെ, രാജുവിലേക്ക് വന്നപ്പോള്‍ രാജുവാണ് പറഞ്ഞത് ‘എടാ പോടാ വിളിച്ചിട്ട് ചെയ്യാന്‍ പറ്റുന്ന ഗ്രൂപ്പ് ക്ലാസ്‌മേറ്റ്‌സ് ഗ്രൂപ്പാണ്. അങ്ങനെയാണെങ്കില്‍ കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയിരിക്കും’ എന്ന്. അങ്ങനെ പറഞ്ഞപ്പോള്‍ ആസിഫ് ഒരു മടിയും വിചാരിക്കാതെ അതില്‍ നിന്നും പിന്‍മാറിയ ആളാണ്,’ നാദിര്‍ഷാ പറയുന്നു.

Content Highlight: Asif was one of the three in Amar Akbar Anthony says Nadir Shah

We use cookies to give you the best possible experience. Learn more