മലപ്പുറത്തെ ഫുട്ബോൾ ആവേശത്തെ പ്രശംസിച്ച് നടൻ ആസിഫ് അലി. ഫുട്ബോൾ ആവേശം പകർന്നു കിട്ടിയത് മലപ്പുറത്ത് നിന്നാണെന്നാണ് ആസിഫ് അലി പറഞ്ഞത്. മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തിന് മുകളിൽ വെക്കാൻ കേരളത്തിൽ മറ്റൊരു സ്ഥലത്തിനും സാധിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു. മലപ്പുറത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനൊരു തൊടുപുഴക്കാരനാണ്, പക്ഷേ ഞങ്ങൾക്ക് ഫുട്ബോൾ എന്ന് പറഞ്ഞ ആവേശം പകർന്നു കിട്ടിയത് ഒരു കള്ളത്തരവുമില്ലാതെ വളരെ സത്യസന്ധമായി ഞാൻ പറയാം അത് മലപ്പുറത്ത് നിന്നാണ്. മലപ്പുറത്തിന്റെ ആവേശത്തിന് മുകളിലേക്ക് ഫുട്ബോളിനെ വെക്കാൻ കേരളത്തിൽ വേറെ എവിടെയുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മലബാർ എന്ന് നമ്മൾ കോമൺ ആയിട്ട് പറയുമെങ്കിലും മലപ്പുറത്ത് വന്ന് ഫുട്ബോൾ കാണണം ഫുട്ബോളിന്റെ ആവേശം കാണണം എന്നത് തന്നെയാണ് എല്ലാവരുടെയും ഫൈനൽ വേഡ്,’ ആസിഫ് അലി പറഞ്ഞു.
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സി കഴിഞ്ഞദിവസം സ്വന്തം തട്ടകത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി മിന്നും ഫോമിൽ നിൽക്കെയാണ് മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രാന്തിനെ പ്രശംസിച്ചു കൊണ്ടുള്ള ആസിഫ് അലിയുടെ ഈ വാക്കുകളെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മലപ്പുറം കീഴടക്കിയിരുന്നത്. ഇതിനുമുമ്പ് നടന്ന മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ സ്വന്തം മണ്ണിൽ 6-2ന് തകർന്നുവീണ മലപ്പുറം കൊച്ചിക്കെതിരെ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
സൂപ്പർ ലീഗ് കേരളയിൽ മറ്റൊരു ടീമിന്റെ ഹോം ഗ്രൗണ്ടിലും കാണാൻ സാധിക്കാത്തത്ര വലിയ ആരാധകവൃന്ദമാണ് മലപ്പുറത്തിന്റെ കരുത്ത്. കോഴിക്കോടിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയിട്ടും തൊട്ടടുത്ത മത്സരത്തിൽ മലപ്പുറത്തിന്റെ ഹോം ഗ്രൗണ്ട് വീണ്ടും ഓറഞ്ച് കടലായി മാറുകയായിരുന്നു.
നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം. നവംബർ 14ന് തൃശൂർ മാജിക് എഫ്.സിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകത്തിലാണ് പോരാട്ടം. പയ്യനാട്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഈ സീസണിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ വമ്പൻ വിജയം മലപ്പുറം സ്വന്തമാക്കിയിരുന്നു.
Content Highlight: Asif Ali talks about the passion of football in Malappuram