| Wednesday, 23rd September 2026, 11:40 pm

ഞാനേതെങ്കിലും സിനിമാ നടിയെ കല്യാണം കഴിച്ച് കൊണ്ടുവരുമോ എന്നുള്ള പേടി വീട്ടിലെല്ലാവര്‍ക്കും ഉണ്ടായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടറിപ്പിച്ചു.

ആസിഫ് അലി. Photo: X.com

ഇന്ന് മലയാളത്തിലെ യുവ പെര്‍ഫോമര്‍മാരില്‍ മുന്‍നിരയില്‍ തന്നെ ആസിഫിനെ കാണാം. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന് ഇഞ്ചോടിഞ്ച് വ്യത്യാസത്തിലായിരുന്നു കഴിഞ്ഞ തവണ മികച്ച നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് നഷ്ടമായത്. ആസിഫിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ടിക്കിടാക്ക.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ്, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ സവിശേഷതകളുമായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും അപ്‌ഡേറ്റുകളുമെല്ലാം വലിയ പ്രതീക്ഷയാണ് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് നല്‍കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ക്കുണ്ടായിരുന്ന ധാരണയെ കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഒരു സിനിമാനടിയെ വിവാഹം കഴിക്കുമോ എന്ന ഭയം വീട്ടുകാര്‍ക്കുണ്ടായിരുന്നതായി ആസിഫ് പറയുന്നു.

‘എന്റെ വീട്ടിലെല്ലാവര്‍ക്കും ഞാനേതെങ്കിലും സിനിമാ നടിയെ വിവാഹം കഴിച്ച് കൊണ്ടുവരുമോ എന്ന പേടിയുണ്ടായിരുന്നു. വീട്ടുകാരുടെ കാര്യമാണ്, എനിക്കങ്ങനെ ഒരു പ്രശ്‌നമുണ്ടായിട്ടല്ല. എന്റെ കോ ആക്ടേഴ്‌സിനെ ഞാന്‍ അങ്ങനെ മോശമായി കാണുന്ന ആളല്ല. പക്ഷേ നമ്മുടെ വീട്ടുകാര്‍ അങ്ങനെയാകാണമെന്നില്ലല്ലോ.

ആസിഫ് അലി. Photo. Screen Grab/ Youtube

കഥ തുടരുന്നു എന്ന സിനിമ ചെയ്യുന്നസമയത്ത് അതില്‍ ആദ്യത്തെ സോങ്ങില്‍ ഞാന്‍ മംമ്തയുടെ കവിളില്‍ ഒരുമ്മ കൊടുക്കുന്ന ഷോട്ടുണ്ട്. എന്റെ വീടിന്റെ അടുത്തുള്ള രണ്ട് പേര്‍ തമ്മില്‍ സംസാരിച്ചത് ഇത് ഫിലിം അടുപ്പിക്കുന്നതാണ് എന്നാണ്. ഇത്തരത്തിലുള്ള സംസാരം എപ്പോഴും നായകനെയും നായികയെയും പറ്റി ഉണ്ടാകുമല്ലോ. ബേസിക്കലി അങ്ങനെ ഒരു ഭയത്തിലിരിക്കുമ്പോഴാണ് ഞാന്‍ സമയെ കാണുന്നതും അത് പെട്ടെന്ന് തന്നെ വിവാഹത്തിലേക്കെത്തുന്നതും. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹം,’ മലയാളം സ്‌പോട്ട്‌ലൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali talks about the concern of his family about his marriage

We use cookies to give you the best possible experience. Learn more