| Monday, 7th September 2026, 7:33 pm

ഞങ്ങളെല്ലാവരും ഒന്നിച്ച് ലാലേട്ടന്റ റൂമില്‍ ഇരിക്കുന്നത് ആ അന്യഭാഷാ നടന്മാര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല: ആസിഫ് അലി

അശ്വിന്‍ രാജേന്ദ്രന്‍

വീഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ആസിഫ് അലി. പിന്നാലെ ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, കഥ തുടരുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ താരം സ്ഥാനം നേടുകയായിരുന്നു. ഹണി ബീ, അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി. ടെക് തുടങ്ങിയ ചിത്രങ്ങളിലൂടെ മോളിവുഡിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ആസിഫ് ഇന്ന് മലയാളത്തിലെ മിനിമം ഗ്യാരണ്ടി നല്‍കുന്ന അഭിനേതാക്കളിലൊരാളാണ്.

ആസിഫ് അലി. Photo: Screengrab/ Cue Studio/ Youtube.com

കെട്ട്യോളാണ് എന്റെ മാലാഖ, കിഷ്‌കിന്ദാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രം ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. സംവിധായകന്‍ രോഹിത് വി.എസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആസിഫ് ആരാധകര്‍ ഇപ്പോള്‍.

അടുത്തിടെ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ താരങ്ങള്‍ തമ്മിലുള്ള ഹെല്‍ത്തി കോമ്പറ്റീഷനെ കുറിച്ചും സീനിയര്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും ആസിഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സമയത്ത് മോഹന്‍ലാലുമായുണ്ടായ അനുഭവത്തെ കുറിച്ചാണ് ആസിഫ് അഭിമുഖത്തില്‍ സംസാരിച്ചത്.

‘മറ്റ് ഇന്‍ഡസ്ട്രികളിലെ പോലെയല്ല, മലയാളത്തില്‍ അഭിനേതാക്കള്‍ തമ്മില്‍ ഒരു ഹെല്‍ത്തി കോമ്പറ്റീഷനാണുള്ളത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ്‍ നടക്കുന്ന സമയത്ത് മാച്ച് കഴിഞ്ഞ് ഞങ്ങളെല്ലാവരും ലാലേട്ടന്റെ റൂമില്‍ ഒത്തുകൂടിയിരുന്നു. അന്ന് ഞങ്ങളുടെ പ്രായത്തിലുള്ള തമിഴിലെ രണ്ട് ആക്ടേഴ്‌സ് ലാലേട്ടനെ കാണാന്‍ വേണ്ടി കറങ്ങിതിരിഞ്ഞ് ഞങ്ങളുടെ റൂമിലേക്ക് വന്നു. അവര്‍ സാറിനോട് സംസാരിച്ച് സാറിന്റെയൊപ്പം ഫോട്ടോ എല്ലാം എടുത്ത് തിരിച്ച് പോവാന്‍ നേരം ഞാനും നിവിനും അദ്ദേഹത്തിന്റെ റൂമിന്റെ പുറത്തുണ്ടായിരുന്നു.

Photo: X.com

അത് കണ്ടിട്ട് നിങ്ങളെല്ലാവരും ഒരു മുറിയില്‍ ആഘോഷിക്കുമോ എന്നാണ് അവര്‍ അത്ഭുതത്തോടെ ചോദിച്ചത്. ബാക്കി എല്ലാ ഇന്‍ഡസ്ട്രിയിലും സംസാരത്തിന് പോലും ഒരു ഹൈറാര്‍ക്കിയുണ്ടാകും. പരസ്പരമുള്ള സംസാരത്തിന് പോലും അങ്ങനെയാണ്. നമുക്ക് അതില്ല. മമ്മൂക്കയാണെങ്കിലും ലാലേട്ടനാണെങ്കിലും നമ്മളോട് അത്രയും സ്‌നേഹം കാണിക്കുന്നുണ്ട്,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali talks about Malayalam Film Industry and the friend ship with actors

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more