| Monday, 25th August 2025, 8:36 am

എന്റെ തുടക്കത്തില്‍ വന്ന സിനിമ; ഡ്രഗ്‌സിനെ പ്രൊമോട്ട് ചെയ്യുകയാണെന്ന് ചിലര്‍ പറഞ്ഞു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ആസിഫ് അലി. ഇന്ന് മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും മലയാളികള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമാകാനും ആസിഫിന് കഴിയുന്നുണ്ട്.

സിനിമ എപ്പോഴും ഒരു എന്റര്‍ടൈമെന്റ് ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ആസിഫ് അലി. അതിന്റെ അപ്പുറത്തേക്ക് ‘സിനിമയിലൂടെ ഒരു സോഷ്യല്‍ മെസേജ്’ എന്നതിനെ കുറിച്ച് പറയുമ്പോള്‍ അതൊരു വലിയ ചോദ്യ ചിഹ്നം തന്നെയാണെന്നും നടന്‍ പറയുന്നു.

വയലന്‍സ് നിറഞ്ഞ സിനിമകളെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചും ആസിഫ് സംസാരിക്കുന്നു. ഏതൊരു ഐഡിയയും ആദ്യമായി കൊണ്ടുവരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യമായി ഒരു കാര്യം കൊണ്ടുവരുമ്പോള്‍ അതിന് റീച്ച് കിട്ടിയേക്കുമെന്നും എന്നാല്‍ ഇനിയൊരു രക്തച്ചൊരിച്ചിലുള്ള സിനിമ പെട്ടെന്ന് കൊണ്ടുവന്നാല്‍ അത്രയധികം റീച്ച് കിട്ടാന്‍ സാധ്യതയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ കരിയറിന്റെ ആദ്യകാലത്ത് ചെയ്ത ഒരു സിനിമയുണ്ട്. കിളി പോയി എന്നായിരുന്നു ആ സിനിമയുടെ പേര്. അത് ഇന്ത്യയിലെ ആദ്യത്തെ സ്റ്റോണര്‍ മൂവി ആയിരുന്നു.

ആ സിനിമ ചെയ്ത സമയത്ത് ഒരുപാട് ആളുകള്‍ ഇത് ഡ്രഗ്‌സിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി എടുക്കുന്ന സിനിമയാണെന്ന് പറഞ്ഞിരുന്നു. പക്ഷെ കിളി പോയി സ്‌റ്റോണര്‍ മൂവിയുടെ ക്യാറ്റഗറിയില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സിനിമയായിരുന്നു. പുതിയ ഐഡിയ കൊണ്ടുവരുമ്പോള്‍ അത്തരത്തിലുള്ള ചില അവസരങ്ങളുണ്ട്,’ ആസിഫ് അലി പറയുന്നു.

മനോരമ ന്യൂസിന്റെ 2025ലെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നടന്‍. ത്രില്ലര്‍ സിനിമകള്‍ക്ക് വയലന്‍സും ചോരയുമൊക്കെ വേണോ എന്ന ചോദ്യത്തിന്, അത് സിനിമ പറയുന്ന നരേറ്റീവിന് അനുസരിച്ചാണ് എന്നായിരുന്നു ആസിഫിന്റെ മറുപടി.

ഒരു സീരിയല്‍ കില്ലറിന്റെ കഥ പറയുന്ന ത്രില്ലര്‍ സിനിമയാണെങ്കില്‍ അതില്‍ വയലന്‍സും രക്തച്ചൊരിച്ചിലും ഒരു പരിധി വരെ കാണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് എത്രത്തോളം വേണമെന്നത് ഒരു ഫിലിംമേക്കറിന്റെ സ്വാതന്ത്ര്യമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.


Content Highlight: Asif Ali Talks About Kili Poyi Movie

We use cookies to give you the best possible experience. Learn more