| Saturday, 2nd May 2026, 7:28 am

ഹിന്ദി പറഞ്ഞാല്‍ വാല് മുറിയും എന്ന് മനസിലായി, അതുകൊണ്ട് അയാളുടെ ബില്ല് കൂടെ കൊടുത്തു: ആസിഫ് അലി

അശ്വിന്‍ രാജേന്ദ്രന്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കിടയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ആസിഫ് അലി. വില്ലനായും സഹനടനായും നായകനടനായും മലയാള സിനിമയില്‍ സജീവമായ താരത്തിന്റെ വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്ടാണ് ജോണ്‍ ഡെന്‍വര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടിക്കിടാക്ക. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ടിക്കിടാക്ക. Photo: IMDB

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ആസിഫ് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധാ വിഷയങ്ങളിലൊന്നായിരിക്കുന്നത്. ആസിഫ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍ക്കീട്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

‘പനമ്പള്ളി നഗറില്‍ ഒരു ഹോട്ടലില്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു. സ്ഥിരമായി കയറുന്ന ഹോട്ടലാണ്. അവിടെ ഒരു കോര്‍ണറില്‍ എന്നും ഇരിക്കുന്ന സീറ്റില്‍ പോയി ഇരുന്നു. ബ്രേക്ക്ഫാസ്റ്റ് ആയതുകൊണ്ട് ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കുന്നതിന് മുമ്പ് ഞാനിവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ച് ഒരാള്‍ കൂടെ അടുത്തേക്ക് വന്നു. ഓപ്പോസിറ്റ് ചെയര്‍ ഫ്രീയായത് കൊണ്ട് ഇരുന്നോളാന്‍ ഞാനും പറഞ്ഞു.

അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദിക്കാരന്‍ ഓര്‍ഡര്‍ എടുക്കാനായിട്ട് വന്നു. ഞാന്‍ എനിക്ക് വേണ്ടതും, കൂടെയിരുന്നയാള്‍ അയാളുടെ ഓര്‍ഡറും നല്‍കി. അങ്ങനെ അതെല്ലാം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ച് കഴിഞ്ഞ് എന്താണ് കുടിക്കാന്‍ വേണ്ടതെന്ന് ചോദിച്ച് ഹിന്ദിക്കാരന്‍ വീണ്ടും വന്നു. ഞാന്‍ കോഫി പറഞ്ഞു അയാളും അങ്ങനെ എന്തോ പറഞ്ഞു.

ഇതെല്ലാം കഴിഞ്ഞ് അയാള്‍ ബില്ല് കൊണ്ടുവന്നപ്പോള്‍ രണ്ട് പേര്‍ക്കും കൂടെ ഒരു ബില്ലാണ് തന്നത്. ഈ ഫുള്‍ റെസ്റ്റോറന്റില്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എന്നെ അറിയാലോ. അവരെല്ലാവരും ഇടയ്ക്ക് എന്നെ നോക്കുന്നുമുണ്ട്. അതുകൊണ്ട് ഞാന്‍ എന്താണ് പറയുന്നതെന്ന ചെവി എല്ലാവര്‍ക്കുമുണ്ട്. അപ്പോ എനിക്ക് അറിയാം ഹിന്ദി പറഞ്ഞാല്‍ വാല്‍ മുറിയും എന്ന്. അവിടെ ഒരു കൂട്ടച്ചിരിക്ക് സാധ്യതയുണ്ടാകും.

ആസിഫ് അലി. Photo: Times Now

കൂടെയിരുന്നയാളോട് ഞാന്‍ പറഞ്ഞു നമ്മുടെ രണ്ട് പേരുടെയും ബില്ല് ഒന്നിച്ചാണ് തന്നിരിക്കുന്നത്. അയ്യോ ഇക്കാ എനിക്ക് ഹിന്ദി അറിയില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഹിന്ദി അറിയാന്‍ പാടില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല ബില്ല് ഞാന്‍ കൊടുത്തോളാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബില്ല് കൂടെ ഞാനാണ് കൊടുത്തത്,’ആസിഫ് അലി പറഞ്ഞു.

Content Highlight:  Asif Ali talks about his experience faced in a restaurant

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more