| Sunday, 6th September 2026, 8:42 pm

നിവിന്റെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധ എന്റെ ചിത്രങ്ങള്‍ എന്തുകൊണ്ട് കിട്ടുന്നില്ല എന്ന് മനസിലാക്കുന്നിടത്ത് നിന്നുമാണ് ഞാന്‍ പണിയെടുക്കാന്‍ തുടങ്ങുന്നത്: ആസിഫ് അലി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

ആസിഫ് അലി. Photo: Ott Play

ആസിഫ് അലിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സെബാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ആസിഫ് അലി വേഷമിട്ടത്. ചിത്രം വലിയ ഹിറ്റാകുകയും കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്തതോടെ ആസിഫ് അലിയ്ക്ക് വലിയ സ്‌പേസായിരുന്നു മലയാളത്തില്‍ തുറന്ന് കിട്ടിയത്.

അടുത്തിടെ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളം സിനിമാ ഇന്‍സ്ട്രിയില്‍ നടക്കുന്ന ഹെല്‍ത്തി കോമ്പറ്റീഷനെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. ഇന്‍ഡസ്ട്രിയിലെ മറ്റുള്ള അഭിനേതാക്കളുമായി നല്ല സൗഹൃദമാണ് എപ്പോഴും ഉള്ളതെന്നും മറ്റ് ഇന്‍ഡസ്ട്രികളിലൊന്നും ഇങ്ങനെയാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും ഹെല്‍ത്തിയായിട്ടുള്ള കോമ്പറ്റീഷനുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ ഞാനും നിവിന്‍ പോളിയും ഒരേ സമയത്ത് സിനിമയിലേക്കെത്തിയവരാണ്. പക്ഷേ നിവന്റെ സിനിമകള്‍ക്ക് കിട്ടുന്ന ഒരു അറ്റന്‍ഷന്‍ എന്തുകൊണ്ട് എന്റെ സിനിമകള്‍ക്ക് കിട്ടുന്നില്ലെന്ന് ഞാന്‍ മനസിലാക്കുന്ന ഇടത്ത് നിന്നുമാണ് ഞാന്‍ വീണ്ടും പണിയെടുത്ത് തുടങ്ങുന്നത്.

ആസിഫ് അലിയും നിവിന്‍ പോളിയും. Photo: Ott Play

എനിക്ക് വിജയം മാത്രം ഉണ്ടായി ഞാനൊരു ഒറ്റപ്പെട്ട മനുഷ്യനായി നില്‍ക്കുകയാണെങ്കില്‍ എനിക്കിത് പറ്റില്ല. നമ്മള്‍ എല്ലാവരെയും പറ്റി അഭിപ്രായം പറയുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. എന്റെ ചിത്രമായ കിഷ്‌കിന്ദാ കാണ്ഡം റിലീസ് ചെയ്യുമ്പോള്‍ തന്നെയാണ് ടൊവിനോയുടെ എ.ആര്‍.എമ്മും പെപെയുടെ കൊണ്ടലും റിലീസായത്. അന്ന് ഞങ്ങള്‍ മൂന്ന് പേരും പരസ്പരം ചിത്രങ്ങളെ പ്രൊമോട്ട് ചെയ്ത് കൊണ്ട് വീഡിയോസ് എല്ലാം ചെയ്തിരുന്നു. അതൊന്നും വേറെ ഒരു ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali talks about healthy competition in Malayalam cinema and his career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more