| Sunday, 21st September 2025, 11:04 pm

ജീത്തുസാര്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ വന്ന സ്ത്രീകഥാപാത്രം അപര്‍ണയാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ് കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലി അപര്‍ണ ബാലമുരളി കോമ്പോയില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമാണ് മിറാഷ്. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണയുമായി ആസിഫ് അലി മുമ്പും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ എന്ന പെര്‍ഫോമറെപ്പറ്റി ആസിഫ് അലി സംസാരിക്കുന്നു.

‘നമ്മളൊരു ടീമുണ്ടാക്കി ക്രിക്കറ്റ് കളിക്കുമ്പോഴും നമുക്ക് അറിയാവുന്ന ഏറ്റവും നല്ല കളിക്കാരെ ആണല്ലോ ടീമിലെടുക്കുന്നത്. അതുപോലെ ഈ സിനിമ മലയാളത്തില്‍ ചെയ്യാനായി ജീത്തുസാര്‍ തീരുമാനിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മനസില്‍ പ്രധാന സ്ത്രീകഥാപാത്രം അപര്‍ണയാണ്,’ ആസിഫ് അലി പറയുന്നു.

അതുകൂടി മനസില്‍വെച്ചാണ് താന്‍ ഈ കഥ കേള്‍ക്കുന്നതെന്നും അത് തനിക്കും വലിയ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ടേണും ട്വിസ്റ്റും ഇമോഷണല്‍ സീനുകളുമൊക്കെയുള്ള ഒരു ത്രില്ലറില്‍ അപര്‍ണയെപ്പോലൊരു പെര്‍ഫോര്‍മര്‍ ആ കഥാപാത്രത്തിലേക്കുവരുമ്പോള്‍ അത് നല്ലൊരു ഔട്ട്പുട്ട് ഉണ്ടാക്കുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘പിന്നെ നമ്മുടെ സുഹൃത്തിന്റെകൂടെ വീണ്ടും സിനിമ ചെയ്യുമ്പോള്‍ നമുക്കും അതൊരു സുരക്ഷിതത്വവും ആത്മവിശ്വാസവുമൊക്കെ നല്‍കും. ജീത്തുസാറെപ്പോലെതന്നെ അപര്‍ണകൂടിയുള്ളത് എനിക്ക് ഈ സിനിമ കുറെക്കൂടി രസകരമാക്കി,’ ആസിഫ് അലി പറഞ്ഞു.

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലും ആസിഫും അപര്‍ണയും ഒന്നിച്ചിരുന്നു. കിരണ്‍ വി.എസ്, ഉറാസു എന്നിവരുടെ കഥയെ ആസ്പദമാക്കി ജിസ് ജോയ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ ഹിറ്റായിരുന്നു.

Content highlight:  Asif ali talks about  Aparna balamurali 

We use cookies to give you the best possible experience. Learn more