| Thursday, 10th November 2022, 4:19 pm

ഇങ്ങനെയാണോടാ ഫോട്ടോ എടുക്കുന്നത് എന്ന് ചോദിച്ച് മമ്മൂക്ക ഞങ്ങളെ ചേര്‍ത്ത് പിടിച്ചു; വൈറല്‍ ഫോട്ടോയെ കുറിച്ച് ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ള യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ഇരുവരും ഒരുമിച്ച് അഭിനയിച്ച റോഷാക്ക് അടുത്തിടയുണ്ടായ റിലീസുകളില്‍ തരംഗമായ ചിത്രമാണ്. മമ്മൂട്ടിക്കൊപ്പം സെല്‍ഫി എടുത്ത അനുഭവം പങ്കുവെക്കുകയാണ് ആസിഫ്.

വൈറലായ സെല്‍ഫിയില്‍ അജു വര്‍ഗീസുമുണ്ട്. ആസിഫിനേയും അജുവിനേയും മമ്മൂട്ടി ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം അമ്മയുടെ ഷോയ്ക്കിടയില്‍ വെച്ച് എടുത്തതാണെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

‘മഴവില്‍ മനോരമയുമായി ചേര്‍ന്ന് അമ്മ സംഘടന നടത്തിയ ഷോയ്ക്കിടിയില്‍ എടുത്ത ഫോട്ടോയാണ് അത്. നമ്മുടെ വീട്ടില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്‍ന്നോര്‍ എന്നൊക്കെ പറയുമല്ലോ, അങ്ങനെയൊരാളാണ് മമ്മൂക്ക. അദ്ദേഹത്തിനെ ഇടക്ക് വിളിക്കണം, പോയി കാണണം, അതൊക്കെ ഭയങ്കര ഇഷ്ടമാണ്.

അമ്മയുടെ ഷോ നടക്കുന്ന സമയത്ത് ആക്ടേഴ്‌സിന്റെ പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ എല്ലാവരും എല്ലാവരുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോസ് ഷെയര്‍ ചെയ്യും. പല കാരണങ്ങള്‍ കൊണ്ട് മമ്മൂക്കയോട് ഫോട്ടോ ചോദിക്കാന്‍ പലര്‍ക്കും പേടിയാണ്.

ഷോ കഴിഞ്ഞ് അവസാന ദിവസം ഞാനും അജുവും കൂടി ഹോട്ടല്‍ ലോബിയിലേക്ക് വന്ന് കേറുമ്പോള്‍ മമ്മൂക്കയുടെ ഒരു ഫുള്‍ ഗ്യാങ് നടന്നുപോവുകയാണ്. മമ്മൂക്ക, ഞങ്ങള്‍ക്ക് ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞ് ഞാനും അജുവും കൂടി ചെന്നു. ഞാനും അജുവും സൈഡിലും മമ്മൂക്ക നടുക്കും നിന്ന് ഫോട്ടോ എടുത്തു. ഞാന്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെയാണോടാ ഫോട്ടോ എടുക്കുന്നത് എന്ന് ചോദിച്ച് മമ്മൂക്ക ഞങ്ങളെ ചേര്‍ത്ത് പിടിച്ചു. അങ്ങനെ എടുത്ത ഫോട്ടോ ആണിത്,’ ആസിഫ് പറഞ്ഞു.

അതേസമയം നവംബര്‍ 11ന് റോഷാക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റോഷാക്ക് റിലീസ് ചെയ്യുന്നത്. വേറിട്ട റിവഞ്ച് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീറാണ്. ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Asif ali shares the experience of taking a selfie with Mammootty

We use cookies to give you the best possible experience. Learn more