മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. 15 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരം കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ ഫാന്‍ ബേസ് സ്വന്തമാക്കി. ഋതുവിലൂടെ കരിയര്‍ ആരംഭിച്ച താരം മികച്ച സിനിമകളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. എന്നാല്‍ ഇടക്ക് മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരില്‍ ആസിഫ് തിരിച്ചടി നേരിട്ടു.
തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം വിജയത്തിന്റെ ട്രാക്കില്‍ ആസിഫ് തിരിച്ചുകയറിയ വര്‍ഷമായിരുന്നു 2024. ഒന്നിന് പുറകെ ഒന്നായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ആസിഫിന് സാധിച്ചു. കഴിഞ്ഞവര്‍ഷത്തെ വിജയം ഈ വര്‍ഷവും ആസിഫ് തുടരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞവര്‍ഷം ആസിഫിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രം കളക്ഷനിലും മുന്നിട്ടു നിന്നു. ചിത്രം കണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഇന്നലെ എനിക്ക് ഭയങ്കര സന്തോഷമുള്ള ദിവസമായിരുന്നു. ലാല്‍ സാര്‍ ഇന്നലെയാണ് കിഷ്‌കിന്ധാ കാണ്ഡം കണ്ടത്. അപ്പോള്‍ തന്നെ അദ്ദേഹം എന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. വലിയൊരു അവാര്‍ഡ് കിട്ടിയതുപോലെയായിരുന്നു എനിക്ക് ആ ഫോണ്‍ കോള്‍ വന്നപ്പോള്‍ തോന്നിയത്. ആദ്യമായിട്ടാണ് ലാലേട്ടന്‍ എന്നോട് ഞാന്‍ ചെയ്ത സിനിമയെക്കുറിച്ചും അതിലെ പെര്‍ഫോമന്‍സിനെക്കുറിച്ചും സംസാരിക്കുന്നത്.
ലാലേട്ടനും ഞാനുമായി അത്തരത്തില്‍ ഒരു കാഷ്വല്‍ ടോക്ക് പോലും അധികം സംഭവിച്ചിട്ടില്ല. പക്ഷേ, ഇത് സര്‍പ്രൈസിങ്ങായിരുന്നു. ഞാന്‍ ഫോണില്‍ നോക്കിയപ്പോള്‍ എന്റെയൊരു സുഹൃത്തായിരുന്നു വിളിച്ചത്. ലാലേട്ടന്റെയും എന്റെയും മ്യൂച്വല്‍ ഫ്രണ്ടാണ് അയാള്‍. പുള്ളി വിളിച്ചിട്ട് ‘ലാലേട്ടന് കൊടുക്കാം’ എന്ന് പറഞ്ഞു.
ഫോണ്‍ കൊടുത്തപ്പോള്‍ ലാലേട്ടന്‍ കിഷ്‌കിന്ധാ കാണ്ഡത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ആ സിനിമ ചൂസ് ചെയ്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എനിക്ക് അത് വളരെ സന്തോഷം നല്‍കിയ കാര്യമായിരുന്നു,’ ആസിഫ് അലി പറയുന്നു.
അതേസമയം കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന മിറാഷ് റിലീസിനൊരുങ്ങുകയാണ്. അപര്‍ണ ബാലമുരളിയും ആസിഫിനൊപ്പം ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ത്രില്ലര്‍ മൂഡില്‍ സഞ്ചരിക്കുന്ന കഥയാണ് ഇതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. സെപ്റ്റംബര്‍ 19ന് മിറാഷ് തിയേറ്ററുകളിലെത്തും.
Content Highlight: Asif Ali shares Mohanlal’s review of Kishkindha Kandam movie