| Saturday, 13th September 2025, 7:43 am

ഇങ്ങനെയുള്ള റോള്‍ പരീക്ഷിച്ചിട്ടില്ല; എനിക്കും അത് കഴിയുമെന്ന് സ്വയം തെളിയിക്കണം: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ആസിഫ് അലി നായകനായെത്തുന്ന ടിക്കി ടാക്ക. ആസിഫിന്റെ കരിയറിലെ തന്നെ വന്‍ബജറ്റിലൊരുങ്ങുന്ന സിനിമ കൂടിയാണ് ടിക്കി ടാക്ക.
കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് വി. എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നസ്‌ലെനും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇവര്‍ക്ക് പുറമെ ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇപ്പോള്‍ താന്‍ ഭാഗമായിരിക്കുന്ന ടിക്കി ടാക്ക സിനിമയെ കുറിച്ച് ആസിഫ് സംസാരിക്കുന്നു. കുറച്ചധികം സമയം എടുക്കുന്ന സിനിമയാണ് ഇതെന്നും 150 ദിവസത്തോളം ഷൂട്ട് ഉണ്ടെന്നും ആസിഫ് പറഞ്ഞു.

‘ ഈ സിനിമയുടെ ഷൂട്ടിലായത് കാരണമാണ് ഞാന്‍ കുറച്ച് നാളായി ഒരേ രൂപത്തില്‍ ഇരിക്കുന്നത്. ഞാന്‍ രോഹിത്തുമായി സംസാരിച്ചപ്പോള്‍ എന്റെ കഥാപാത്രത്തിന് ഇങ്ങനെയുള്ള ഒരു ഫിസിക്കല്‍ കണ്ടീഷന്‍ ഡിമാന്‍ഡ് ചെയ്തിരുന്നു.

പിന്നെ ഞാനും ഒരു മസ്‌കുലര്‍ റോള്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. അത് ഒന്ന് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇങ്ങനെയുള്ള റോളുകളും എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്വയം ഒന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം നടത്തിയത്,’ ആസിഫ് പറയുന്നു.

തമിഴില്‍ അഭിനയിക്കാന്‍ സാധ്യതകളുണ്ടെന്നും തീര്‍ച്ചയായും അങ്ങനെ ചെയ്യണമെന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ മറ്റ് ഭാഷകളെക്കാള്‍ കൂടുതല്‍ തന്റെ അടുത്ത് വരുന്നത് മലയാള സിനിമകളാണെന്നും ആസിഫ് അലി പറഞ്ഞു. മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ താന്‍ കുറച്ച് മോശമാണെന്നും ആസിഫ് വ്യക്തമാക്കി.

Content highlight: Asif Ali says he has never played a role like Tiki Taka

We use cookies to give you the best possible experience. Learn more