| Friday, 12th September 2025, 3:39 pm

ലാലേട്ടന്റെ ആ സിനിമയുടെ റീ റിലീസിന് മകനെ കൊണ്ടുപോയപ്പോള്‍ അവന് ഇഷ്ടമാകുമോ എന്ന് ടെന്‍ഷനായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍പരാജയങ്ങളില്‍ വിമര്‍ശനം നേരിട്ട ശേഷം കഴിഞ്ഞ വര്‍ഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയ താരമാണ് ആസിഫ് അലി. 15 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ആസിഫിനെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2024. തലവന്‍, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചപ്പോള്‍ ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങള്‍ അയാളിലെ നടനെ അടയാളപ്പെടുത്തുന്നവയായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ വിജയം ഈ വര്‍ഷവും ആസിഫ് ആവര്‍ത്തിക്കുകയായിരുന്നു. രേഖാചിത്രം ഗംഭീരവിജയം നേടിയപ്പോള്‍ സര്‍ക്കീട്ട് നിരൂപക പ്രശംസ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. മോഹന്‍ലാലിന്റെ പല സിനിമകളും ഈയിടെ റീ റിലീസ് ചെയ്‌തെന്നും അതെല്ലാം താന്‍ ഒരിക്കല്‍ക്കൂടി കാണാന്‍ ആഗ്രഹിക്കുന്നവയായിരുന്നെന്ന് ആസിഫ് പറയുന്നു.

‘കഴിഞ്ഞ വര്‍ഷമായിരുന്നു മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തത്. ആ പടം കാണാന്‍ ഞാന്‍ ആദുവിനെയും കൊണ്ടാണ് പോയത്. അവന് 11 വയസാകുന്നതേയുള്ളൂ. അത്രയും പഴയ ഒരു സിനിമ അവന് ഇഷ്ടമാകുമോ എന്നുള്ള ടെന്‍ഷനായിരുന്നു. പക്ഷേ, ആദ്യം തൊട്ട് അവസാനം വരെ ആദു മണിച്ചിത്രത്താഴ് എന്‍ജോയ് ചെയ്താണ് കണ്ടത്.

ഇപ്പോഴുള്ള കുട്ടികള്‍ക്ക് പോലും ആ പടം വര്‍ക്കാകുമെന്നത് പുതിയ അറിവായിരുന്നു. അത് ആ സിനിമക്ക് മാത്രമുള്ള മാജിക്കാണ്. നമുക്ക് ഇപ്പോള്‍ ഇത്രയും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ടെക്‌നോളജിയും സൗണ്ട് സിസ്റ്റവുമെല്ലാം ഗംഭീരമായി നില്‍ക്കുമ്പോള്‍ അതെല്ലാം റീ റിലീസ് ചെയ്യുന്നത് ശരിക്കും നല്ലൊരു എക്‌സ്പീരിയന്‍സാണ്.

നമ്മുടെ കാര്യം നോക്കിയാല്‍ ഈയടുത്ത് മണിച്ചിത്രത്താഴിന്റെ ബി.ടി.എസ്സും അതിന്റെ കഥകളുമെല്ലാം കേട്ടിരുന്നു. അതിന്റെ കൂടെ സിനിമയിലെ ഹിഡന്‍ ഡീറ്റെയ്‌ലും ബാക്കി കാര്യങ്ങളുമെല്ലാം കേട്ട് അത് ബിഗ് സ്‌ക്രീനില്‍ എക്‌സ്പീരിയന്‍സ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കാത്തിരിക്കുന്നത് രാവണപ്രഭുവിന്റെ റീ റിലീസിനാണ്. എന്റെ ഓള്‍ ടൈം ഫേവറെറ്റ് പടങ്ങളിലൊന്നാണ് അത്. ഒന്നുകൂടി ബിഗ് സ്‌ക്രീനില്‍ എക്‌സ്പീരിയന്‍സ് ചെയ്യണമെന്നുണ്ട്,’ ആസിഫ് അലി പറയുന്നു.

ആസിഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മിറാഷ് റിലീസിനൊരുങ്ങുകയാണ്. കൂമന് ശേഷം ജീത്തു ജോസഫ് ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. അപര്‍ണ ബാലമുരളിയും മിറാഷില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപക് പറമ്പോള്‍, ഹക്കിം ഷാ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Asif Ali saying he’s waiting for the re release of Ravanaprabhu

We use cookies to give you the best possible experience. Learn more