| Friday, 13th February 2026, 7:42 am

സൈഡില്‍ ഒരു അച്ചാറായി ഞാനിരുന്നോട്ടെ എന്ന് ആസിഫ് അലി; പപ്പടമായി പിഷാരടിയെയും കൂട്ടിക്കോളാന്‍ കമന്റുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

ആസിഫ് അലി മമ്മൂട്ടിക്കൊപ്പം. Photo: Ott play

സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ തന്റെ സ്ഥാനം നേടിയെടുത്ത ആസിഫിന് സൂപ്പര്‍ താരം മമ്മൂട്ടിയുമായുള്ള ആത്മബന്ധം ഇതിനോടകം ചര്‍ച്ചയായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മലപ്പുറത്ത് നടന്ന ഒരു ചടങ്ങിനിടെ ആസിഫ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലപ്പുറത്തുകാര്‍ക്ക് മട്ടന്‍ ബിരിയാണിയും മമ്മൂട്ടിയെയയുമാണ് ഇഷ്ടം എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ഇത് ശരിയാണോ എന്നും ചോദിക്കുന്ന ആസിഫിനെ വീഡിയോയില്‍ കാണാം. കാണികളുടെ പ്രതികരണത്തിനായി കാത്തുനിന്ന ശേഷം അതിന് സൈഡില്‍ ഒരു അച്ചാറായി ഞാനിരുന്നോട്ടെയെന്ന് ചോദിച്ച ചോദ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ ലഭിക്കുന്നത്.

മിനുട്ടുകള്‍ക്കകം സിനിമാ പേജുകളിലും ട്രോള്‍ ഗ്രൂപ്പുകളിലും വൈറലായ വീഡിയോക്ക് ഇതിനോടകം തന്നെ ഒട്ടനവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആസിഫിന്റെ ക്രിഞ്ച് ചോദ്യം കേട്ടിട്ട് തൊലി ഉരിഞ്ഞുപോയെന്നും തൊലി ഉരിഞ്ഞത് കൊണ്ട് വെളുത്തുള്ളി അച്ചാറാവാനാണ് സാധ്യതയെന്നുമാണ് രസകരമായ കമന്റുകളിലൊന്ന്. മട്ടന്‍ ബിരിയാണിക്കൊപ്പം സൈഡില്‍ പപ്പടമായി പിഷാരടിയെ കൂട്ടിക്കോളൂ എന്നും ആ സിനിമ ഞാന്‍ മുള്ളോടെ കഴിച്ചു എന്നതിന്റെ അത്രയും വരില്ലെന്നും കമന്റുകളുണ്ട്.

ആസിഫ് അലി, അജു വര്‍ഗീസ് മമ്മൂട്ടി. Photo: TOI

അതേസമയം ആസിഫ് അലിയുടെ നിഗമനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മറ്റൊരു കമന്റും ശ്രദ്ധ നേടിയിട്ടുണ്ട്. മലപ്പുറത്തുകാര്‍ക്ക് മട്ടന്‍ ബിരിയാണി അല്ല ഇഷ്ടമെന്നും വൈറ്റ് ലെഗോണ്‍ കോഴിയുടെ ബിരിയാണിയാണ് ഇഷ്ടമെന്നും ലാലേട്ടന്‍ കഴിഞ്ഞിട്ടേ മമ്മൂട്ടിയോട് ഇഷ്ടമുള്ളൂവെന്ന കമന്റിന് വലിയ പിന്തുണയാണ് കമന്റ് സെക്ഷനില്‍ ലഭിക്കുന്നത്.

Content Highlight: Asif ali’s speech about mammootty goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more