| Saturday, 20th September 2025, 4:08 pm

ഗിരിയുടെ മുകളിലൊന്ന് ഇനി ആസിഫിനും ജിത്തുവിനും സാധിക്കുമെന്ന് തോന്നുന്നില്ല, മിറാഷിന് പിന്നാലെ ചര്‍ച്ചയായി കൂമന്‍

അമര്‍നാഥ് എം.

ജീത്തു ജോസഫ്- ആസിഫ് അലി കോമ്പോയുടെ ഏറ്റവും പുതിയ ചിത്രമായ മിറാഷ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. ത്രില്ലര്‍ ചിത്രമായെത്തിയ മിറാഷിന് പ്രതീക്ഷിച്ച അഭിപ്രായമായിരുന്നില്ല ലഭിച്ചത്. ട്വിസ്റ്റുകളുടെ അതിപ്രസരം കാരണം ചിത്രം പലര്‍ക്കും മടുപ്പ് സമ്മാനിച്ചു. സിനിമ ആരംഭിച്ച കാലം മുതല്‍ പറഞ്ഞുതേഞ്ഞ ട്വിസ്റ്റുകളായിരുന്നു മിറാഷില്‍ ഭൂരിഭാഗവും.

കൂമന് ശേഷം ജീത്തു ജോസഫ്- ആസിഫ് അലി കോമ്പോയിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ മിറാഷില്‍ ആസിഫ് അലിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പല സീനുകളിലും ഒന്നും ചെയ്യാനാകാതെയാണ് ആസിഫിന്റെ അശ്വിന്‍ എന്ന കഥാപാത്രം പെര്‍ഫോം ചെയ്തത്.

ആദ്യ ഷോയ്ക്ക് പിന്നാലെ പലരും കൂമനെയും മിറാഷിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ചപ്പോള്‍ ലഭിച്ച കൂമന്‍ ഗംഭീര സിനിമയാണെന്നും അതിന് മുകളില്‍ നില്‍ക്കുന്ന ഒന്ന് ഇനി ജീത്തുവിനോ ആസിഫിനോ സാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആസിഫ് അലിയിലെ നടനെ മാക്‌സിമം ഉപയോഗിച്ച ചിത്രമായിരുന്നു കൂമന്‍.

ഗിരി എന്ന പൊലീസ് കോണ്‍സ്റ്റബിളായി അതിഗംഭിര പ്രകടനമായിരുന്നു ആസിഫ് കാഴ്ചവെച്ചത്. പല സീനിലും ആസിഫിന്റെ പ്രകടനം പ്രേക്ഷകര്‍ വിചാരിച്ചതിലും മുകളിലായിരുന്നു. പെട്ടെന്ന് ഈഗോ ഹര്‍ട്ടാവുന്ന, തന്റെ കാര്യങ്ങള്‍ വളരെ പ്ലാന്‍ഡായി ചെയ്യുന്ന ഗിരി എന്ന കഥാപാത്രം മറ്റാര്‍ക്കും ഇതുപോലെ ചെയ്യാനാകില്ല.

കള്ളനായി മാറിയതിന് ശേഷമുള്ള ആസിഫിന്റെ പെര്‍ഫോമന്‍സും എടുത്തു പറയേണ്ട ഒന്നാണ്. മോഷ്ടിക്കാന്‍ സാധിക്കാതെ ഫ്രസ്‌ട്രേഷനില്‍ നില്‍ക്കുന്ന രംഗങ്ങളെല്ലാം ആസിഫ് പകര്‍ന്നാടിയതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ഗ്രാഫ് താഴ്‌ന്നെങ്കിലും ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു കൂമനിലെ ഗിരി.

എന്നാല്‍ ഇതേ കോമ്പോ വീണ്ടും ഒന്നിച്ചപ്പോള്‍ ആദ്യത്തെ മാജിക് ആവര്‍ത്തിക്കാന്‍ സാധിക്കാത്തത് സിനിമാപ്രേമികള്‍ക്ക് നിരാശ നല്‍കിയിരിക്കുകയാണ്. അലസമായ മേക്കിങ്ങും ദഹിക്കാത്ത ട്വിസ്റ്റുകളും മിറാഷിന് നെഗറ്റീവായപ്പോള്‍ അടുത്ത തവണ ഇവര്‍ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Asif Ali’s performance in Kooman discussing after the failure of Mirage

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more