തുടര്‍പരാജയങ്ങളില്‍ നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ ആസിഫ് ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകളാണ് തെരഞ്ഞെടുക്കുന്നത്. രേഖാചിത്രത്തിന് ശേഷം പഴയ വിജയം ആവര്‍ത്തിക്കാനാകുന്നില്ലെങ്കിലും തന്നിലെ നടന് കൈമോശം വന്നിട്ടില്ലെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ ടിക്കി ടാക്ക ഈ വര്‍ഷം തിയേറ്ററുകളിലെത്തുകയാണ്.
ടിക്കി ടാക്കക്ക് ശേഷവും ഗംഭീര പ്രൊജക്ടുകളാണ് ആസിഫിന്റെ ലൈനപ്പുള്ളത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയാണ് ഇതില്‍ ആദ്യത്തേത്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യുവതാരം നസ്‌ലെനും മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ്.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലും ആസിഫ് ഭാഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്. നെടുങ്കണ്ടം മിറാക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരനായാകും ആസിഫ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. റെഡ് വൈനിന് ശേഷം മോഹന്‍ലാലും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ആസിഫിന്റെ ലക്കി ചാം എന്ന് അറിയപ്പെടുന്ന ജിസ് ജോയ്‌യുമായി വീണ്ടും കൈകോര്‍ക്കുന്ന കോട്ടയം ബെല്‍റ്റ് കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു. തലവന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ആസിഫും ജിസ് ജോയ്‌യും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ആസിഫിന് പുറമെ ഷൈന്‍ ടോം ചാക്കോ, ബോബി കുര്യന്‍, വിഷ്ണു അഗസ്ത്യ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
മധ്യകേരളം മൊത്തം പരന്നുകിടക്കുന്ന ലൈനപ്പാണ് ഇപ്പോള്‍ ആസിഫിനുള്ളത്. നായകനായും നായകതുല്യ വേഷവും ചെയ്ത് 2027 ഗംഭീരമാക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ആഭ്യന്തര കുറ്റവാളിയും ജീത്തു ജോസഫുമായി ഒന്നിച്ച മിറാഷും ബോക്‌സ് ഓഫീസില്‍ പരാജയമായത് താരത്തിന് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍ ഇതിന്റെയെല്ലാം ക്ഷീണം ടിക്കി ടാക്ക മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. കളക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടൈനറാണ്. നസ്‌ലെന്‍, വാമിക ഗബ്ബി, ലുക്മാന്‍ അവറാന്‍, ഹരിശ്രീ അശോകന്‍, മഡോണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
Content Highlight: Asif Ali’s lineup after Tiki Taka viral in cinema pages