| Wednesday, 22nd July 2026, 9:31 pm

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഈ നാടിന്റെ ഭാവിവാഗ്ദാനങ്ങള്‍ , അവരെ കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം: ആസിഫ് അലി

അശ്വിന്‍ രാജേന്ദ്രന്‍

രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ ആസിഫ് അലി. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമാധാനപരമായ സമരത്തിന് നേരെ കഴിഞ്ഞ ദിവസം പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസുകാരുടെ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലിബ്രിറ്റികളടക്കം രംഗത്തെത്തിയിരുന്നു.

Photo: The Hindu

ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ആസിഫ് അലി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആസിഫ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണെന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ആസിഫ് അലി പറഞ്ഞു.

‘ദല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്തിന്റെ ഭാവിവാഗാദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണിചേരുക എന്നത് പൊതുസമൂഹത്തിന്റെ കടമയും. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം,’ താരം പോസ്റ്റില്‍ കുറിച്ചു.

നേരത്തേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണമായി രംഗത്തെത്തിയതിന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന് നേരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുകള്‍ നടന്നിരുന്നു. പ്രതികരിച്ച ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Content Highlight: Asif Ali’s Facebook Post on CJP Protest Demanding resignation of Central Education minister

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more