| Thursday, 10th July 2025, 4:03 pm

ട്രിപ്പ് പോയാൽ എനിക്ക് തെണ്ടിത്തിരിയണം, പഠിപ്പിച്ചത് പങ്കാളി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

പിന്നീട് ആസിഫിൻ്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വർഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. അദ്ദേഹം അഭിനയിച്ച സർക്കീട്ട് എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുവെങ്കിലും ചിത്രം വാണിജ്യവിജയമായിരുന്നില്ല. യാത്രികൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ യാത്രകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

തങ്ങള്‍ എപ്പോഴും യാത്ര പോകുന്നത് ബാക്ക് പാക്ക് ആയിട്ടാണെന്നും ഒരു സ്ഥലംകണ്ടുകഴിഞ്ഞാല്‍ തെണ്ടിത്തിരിയണമെന്നും ആസിഫ് അലി പറയുന്നു.

തന്നെ അക്കാര്യം പഠിപ്പിച്ചത് പങ്കാളിയാണെന്നും താനും അവളും ഒറ്റക്ക് ട്രിപ്പ് പോയിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു. 20 ദിവസം വരെയുള്ള ട്രിപ്പിന് ഒരു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങളാണ് എടുക്കുന്നതെന്നും സ്ഥലം ഫിക്‌സ് ചെയ്തിട്ട് മുഴുവന്‍ നടന്നുകാണുകയാണ് സാധാരണയായി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രകള്‍ പോകുന്നത് എപ്പോഴും അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ എപ്പോഴും പോകുന്നത് ബാക്ക് പാക്ക് ആയിട്ടാണ്. എനിക്ക് ഒരു സ്ഥലം കണ്ടുകഴിഞ്ഞാല്‍ തെണ്ടിത്തിരിയണം എന്നുപറയുമല്ലോ, അങ്ങനെയാണ് ഞാന്‍ പോകുന്നത്. എനിക്ക് കൃത്യമായ പ്ലാനിങ്ങ്, ഹോട്ടല്‍ ബുക്കിങ്ങ് അങ്ങനെയൊന്നും ആക്കിപോകാറില്ല. എന്നെ വൈഫ് പഠിപ്പിച്ചതാണ് അത്. ഞാനും വൈഫും ഒറ്റക്ക് ഒരു ട്രിപ്പ് പോയിട്ടില്ല. നമ്മള്‍ പോകുമ്പോള്‍ കൂട്ടുകാര്‍ കൂടെയുണ്ടാകും.

ഇതൊരു ഫീല്‍ഗുഡ് ഫണ്‍ റൈഡ് ആയിരിക്കണം. സാഹസികതയും വേണം. ഒരു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങളെ ഞങ്ങള്‍ എടുക്കൂ. അതൊരു 15 മുതല്‍ 20 ദിവസം വരെയായിരിക്കും ട്രിപ്പ്. മൂന്നോ നാലോ സ്ഥലം ഫിക്‌സ് ചെയ്തിട്ട് അവിടെ മുഴുവന്‍ നടന്നുകാണുക. ഡേ ലൈഫും നൈറ്റ് ലൈഫും എക്‌സ്പീരിയന്‍സ് ചെയ്യുക എന്നതാണ്. എപ്പോഴും യാത്രകള്‍ അങ്ങനെയാണ്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali is talking about going for Travel

We use cookies to give you the best possible experience. Learn more