| Sunday, 27th July 2025, 5:21 pm

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല സംഭാഷണങ്ങളും ജഗദീഷേട്ടന്‍ പ്രയോഗിച്ച് ഞാന്‍ കണ്ടിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്   ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനായെത്തിയ ഈ ചിത്രത്തില്‍ നടന്‍ ജഗദീഷും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകളിലും ആസിഫിനൊപ്പം ജഗദീഷ് അഭിനയിച്ചിരുന്നു. ആഭ്യന്തര കുറ്റവാളിയില്‍ ആസിഫിന്റെ എതിര്‍ഭാഗം വക്കീലിന്റെ വേഷത്തിലാണ് ജഗദീഷ് എത്തിയത്.

നടന്‍ ജഗദീഷിന്റെ അഭിനയമികവ് പുതിയ തലമുറ വളരെ കൂടുതലായി ചര്‍ച്ചചെയ്യുന്ന ഒരു സമയമാണിത്. ഇപ്പോള്‍ നാന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി.

‘വളരെ നല്ല അനുഭവമായിരുന്നു അത്. ഇത്രയും അഭിനയപരിചയവും പല വലിയ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവവും ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് സ്വാഭാവികമായും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും,’ അദ്ദേഹം പറയുന്നു.

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല സംഭാഷണങ്ങളും ജഗദീഷ് പല സമയത്തും പ്രയോഗിച്ച് താന്‍ കണ്ടിട്ടുണ്ടെന്നും അവിടെയുള്ള ചില കോടതി കീഴ്‌വഴക്കങ്ങളില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ കയ്യില്‍ നിന്ന് ഇടുന്നത് താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. അതെല്ലാം ഈ സീനിനെ മികച്ചതാക്കിയിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് കോടതിയില്‍ നിന്നുള്ള ഒരുപാട് ലെങ്ത്തി ഷോട്ടുകള്‍ ഉണ്ടായിരുന്നു. അതിന്റെ പല സമയങ്ങളിലും ജഗദീഷ് ഏട്ടന്‍ അദ്ദേഹത്തിന് ഷോട്ട് ഇല്ലെങ്കില്‍ പോലും എനിക്ക് സപ്പോര്‍ട്ടീവായി ഇരിക്കാറുണ്ടായിരുന്നു. കുറെ ഇമ്പ്രോവൈസേഷന്‍ പറഞ്ഞുതരുമായിരുന്നു.അതുകൊണ്ട് എനിക്ക് കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച്ച വെക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. അഭിനയത്തോട് അത്രയധികം പാഷന്‍ ഉള്ള ഒരു നടനാണ് ജഗദീഷ് ഏട്ടന്‍,’ആസിഫ് അലി പറയുന്നു.

Content highlight: Asif Ali is sharing his experience working with jagadheesh

We use cookies to give you the best possible experience. Learn more