| Saturday, 26th July 2025, 5:47 pm

കഥ കേള്‍ക്കുമ്പോള്‍ മുമ്പെല്ലാം നടത്തിയപോലുള്ള എടുത്തുചാട്ടം ഇപ്പോഴില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നടനെന്നതിലുപരി ആളുകള്‍ക്ക് ഏറെ ഇഷ്ടമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഋതുവിലൂടെയാണ് കരിയര്‍ ആരംഭിച്ച ആസിഫ് ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമായിരുന്നു.

പിന്നീട് ആസിഫിന്റെ കരിയറില്‍ പരാജയങ്ങള്‍ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു.

ഈയിടെ പുറത്തിറങ്ങിയ സര്‍ക്കീട്ട് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ആസിഫ് അലിയുടെ ചിത്രങ്ങളും വലിയ രീതിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥകളുടെ തെരഞ്ഞെടുപ്പുകളില്‍ അടുത്തകാലത്തായി താന്‍ സ്വീകരിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി.

‘ഭയങ്കരമായൊരു പ്ലാനിങ്ങൊന്നും സ്വീകരിച്ചിട്ടില്ല. കുറച്ചു കാലമായി സിനിമയിലുണ്ട്. എന്റെ തെറ്റുകളായി പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചില തിരിച്ചറിവുകള്‍ മുന്‍നിര്‍ത്തി അഭിനയജീവിതത്തിലെടുത്ത തീരുമാനങ്ങളും ചിന്തകളും വിജയത്തിലേക്കെത്തിക്കുന്നതില്‍ പങ്കുവഹിച്ചു എന്നുപറയാം,’ ആസിഫ് അലി പറയുന്നു.

ബോധപൂര്‍വം, നാളെമുതല്‍ നന്നായിക്കളയാം എന്നൊന്നും താന്‍ കരുതിയിട്ടില്ലെന്നും നല്ല ഒരുപാട് ടെക്‌നീഷ്യന്‍സിനും അഭിനേതാക്കള്‍ക്കും ഒപ്പം ജോലിചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കഥ കേള്‍ക്കുമ്പോള്‍ മുമ്പെല്ലാം നടത്തിയപോലുള്ള എടുത്തുചാട്ടം ഇപ്പോഴില്ല. ആലോചിച്ച് തീരുമാനം പറയുന്നതാണ് ഇപ്പോഴത്തെ രീതി. കുറച്ചുകാലം മുന്‍പെല്ലാം, ഒരു കഥകേള്‍ക്കുമ്പോള്‍ത്തന്നെ എന്നിലെ സിനിമാഭ്രാന്തന്‍ അതിനൊപ്പം ചാടിയിറങ്ങും. ഞാന്‍ മനസ്സില്‍ കാണുന്നതും സംവിധായകന്‍ ഉദ്ദേശിച്ചതും വ്യത്യസ്തമാകാം. അങ്ങനെ അപകടങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്,’ അദ്ദേഹം പറയുന്നു.

അനുഭവങ്ങളില്‍നിന്നു താന്‍ പഠിച്ച പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ടുപോകുകയാണ് ഇപ്പോഴെന്നും സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്നും കഥാപാത്രത്തെ അവര്‍ക്കിഷ്ടമായെന്നും അറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Content Highlight: Asif Ali is about  the recent changes he has made to the story selection process

We use cookies to give you the best possible experience. Learn more