| Tuesday, 1st September 2026, 7:35 pm

ഫഹദിനൊന്നും അങ്ങനെയൊരു പേടിയില്ല, എനിക്കാണെങ്കില്‍ മലയാളമല്ലാതെ മറ്റൊരു ഭാഷയില്‍ അഭിനയിക്കാന്‍ പേടിയാണ്: ആസിഫ് അലി

അമര്‍നാഥ് എം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ തേച്ചുമിനുക്കി മുന്നേറുന്ന ആസിഫ് പലപ്പോഴായി പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്.

ഇടക്കാലത്ത് തുടര്‍പരാജയങ്ങള്‍ കാരണം ബുദ്ധിമുട്ടിയെങ്കിലും വീണ്ടും വിജയത്തിന്റെ ട്രാക്കിലേക്ക് ആസിഫ് തിരിച്ചെത്തി. കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ടിക്കി ടാക്ക ഈ വര്‍ഷം തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ആസിഫ് പലകുറി ഞെട്ടിച്ചിട്ടുണ്ടെങ്കിലും അന്യഭാഷയില്‍ ഇതുവരെ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടില്ല.

സമകലീനരായ നടന്മാര്‍ മലയാളത്തിന് പുറത്ത് തിളങ്ങുമ്പോഴും ആസിഫ് അതിന് മുതിരാത്തത് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. മലയാളം നല്‍കുന്ന കഫര്‍ട്ട് മറ്റു ഭാഷയില്‍ കിട്ടുമോ എന്ന സംശയം കാരണമാണ് അന്യഭാഷയില്‍ കൈനോക്കാത്തതെന്ന് ആസിഫ് പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.

‘സത്യം പറഞ്ഞാല്‍ പേടിയാണ്. കാരണം, മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഒരു ഈസിനെസ്സുണ്ട്. ഒരിക്കലും ഡയലോഗ് കാണാപാഠം പഠിച്ച് പറയേണ്ടി വന്നിട്ടില്ല. അഭിനയത്തിന്റെ ആ ഒരു ഫ്‌ളോയില്‍ ഡയലോഗുകള്‍ നാച്ചുറലായി വന്നുപോവുകയാണ് പതിവ്. പക്ഷേ, വേറൊരു ഭാഷയില്‍ ഡയലോഗ് കാണാതെ പഠിച്ച് പറയേണ്ട അവസ്ഥ വരും. അത് പറ്റാത്തതുകൊണ്ട് ഒഴിവാകുകയാണ്.

സുഹൃത്തുക്കളായ പലരും അന്യഭാഷയില്‍ ഓരോ പ്രൊജക്ട് ചെയ്യുമ്പോള്‍ എന്റെ പേരും പറയും. ചില കഥകള്‍ കേട്ട് കാസ്റ്റിങ് വരെ എത്തിയതാണ്. പക്ഷേ, ഈ പേടി കാരണം പോകാത്തതതാണ്. ഫഹദിനൊന്നും ഈ പേടിയില്ലാത്തതുകൊണ്ട് അവര്‍ ഓരോ ഭാഷയിലും അഭിനയിക്കുന്നുണ്ട്. എന്നോട് അവര്‍ ചോദിച്ചപ്പോള്‍ ഇതേ കാരണം തന്നെയാണ് പറഞ്ഞത്,’ ആസിഫ് പറയുന്നു.

തലവന് ശേഷം ജിസ് ജോയ്‌യുമൊത്ത് ആസിഫ് കൈകോര്‍ക്കുന്ന കോട്ടയം ബെല്‍റ്റിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വിജയരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങി വലി താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആസിഫ്- ജിസ് ജോയ് കോമ്പോയിലെ ആറാമത്തെ ചിത്രം കൂടിയാണ് കോട്ടയം ബെല്‍റ്റ്.

Content Highlight: Asif Ali explaining why he not acting in other language

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more