54ാമത് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം അടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളും പ്രകടനങ്ങളും ഏതൊക്കെയാകുമെന്ന ചര്‍ച്ചകള്‍ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കായിരിക്കുമെന്നതാണ് പലരും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവാര്‍ഡ് ചര്‍ച്ചകളിലുണ്ടായിരുന്ന മമ്മൂട്ടി ഇത്തവണയുമുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് ഇത്തവണ കടുത്ത മത്സരമാണ്. മമ്മൂട്ടിക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ആസിഫ് അലിയും അവസാന റൗണ്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ആസിഫിന്റേതായി പുറത്തിറങ്ങിയ നാല് സിനിമകളിലും ഒന്നിനൊന്ന് വ്യത്യസ്ത പ്രകടനമാണ് ആസിഫ് കാഴ്ചവെച്ചത്. നടനെന്ന നിലയില്‍ നിരവധി പ്രശംസകളാണ് ഓരോ സിനിമ കഴിയുന്തോറും ആസിഫ് സ്വന്തമാക്കിയത്.
തലവനിലെ എസ്.ഐ കാര്‍ത്തിക്കില്‍ നിന്ന് ലെവല്‍ ക്രോസിലെ രഘുവിലേക്ക് മാറിയത് എല്ലാവരെയും ഞെട്ടിച്ചു. ചിത്രത്തിലെ ഒരു സീനില്‍ പോലും ആസിഫ് എന്ന നടനെ കാണാന്‍ സാധിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. രഘുവില്‍ നിന്ന് കിഷ്‌കിന്ധാ കാണ്ഡത്തിലെ അജയ ചന്ദ്രനായി മാറിയപ്പോഴും ഗംഭീര പെര്‍ഫോമന്‍സാണ് ആസിഫ് കാഴ്ചവെച്ചത്. അതുവരെ സ്‌കോര്‍ ചെയ്ത വിജയരാഘവനെ സൈഡാക്കിക്കൊണ്ട് ക്ലൈമാക്‌സിലെ പ്രകടനത്തില്‍ ആസിഫ് കൈയടി നേടിയിരുന്നു.
ഈ മൂന്ന് സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് അഡിയോസ് അമിഗോയില്‍ താരം പ്രത്യക്ഷപ്പെട്ടത്. എല്ലായ്‌പ്പോഴും മദ്യപിച്ച്, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറുന്ന പ്രിന്‍സ് എന്ന കഥാപാത്രം ആസിഫിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ഈ നാല് സിനിമകളിലും ആവര്‍ത്തന വിരസതയില്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ അപ്പുറത്ത് ആസിഫിന് കടുത്ത മത്സരം നല്കുന്നത് മമ്മൂട്ടിയാണ്. ഭ്രമയുഗം എന്ന ഒറ്റ സിനിമയിലെ പ്രകടനം എല്ലാത്തിനും മുകളിലാണെന്നാണ് ഒരു കൂട്ടമാളുകള്‍ വാദിക്കുന്നത്. പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം പുരസ്‌കാരത്തിന് അര്‍ഹമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അവസാനരംഗങ്ങള്‍ പോറ്റിയില്‍ നിന്ന് ചാത്തനിലേക്ക് മാറുന്ന രംഗത്തിന് വട്ടം വെക്കാന്‍ മറ്റൊരു പെര്‍ഫോമന്‍സുമില്ലെന്നാണ് ആരാധകരും ഒരു കൂട്ടം സിനിമാപ്രേമികളും വാദിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അവാര്‍ഡ് മത്സരത്തില്‍ മറ്റ് നടന്മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയ നടന്‍ മമ്മൂട്ടിയാണെന്നും അടുത്ത വര്‍ഷവും മമ്മൂട്ടി അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടിലെത്തുമെന്നും ആരാധകര്‍ വാദിക്കുന്നു.
കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിന് വിജയരാഘവന്‍, മലൈക്കോട്ടൈ വാലിബനിലെ പ്രകടനത്തിന് മോഹന്‍ലാല്‍ എന്നിവരുടെ പേരും മികച്ച നടന്മാരുടെ അവാര്‍ഡ് ലിസ്റ്റില്‍ കേള്‍ക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ ഏഴാമത്തെ സ്‌റ്റേറ്റ് അവാര്‍ഡ് ആര് ആദ്യം സ്വന്തമാക്കുമെന്നും ചര്‍ച്ചകളുണ്ട്. ഒക്ടോബര്‍ 31ന് രാവിലെ 11ന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
Content Highlight: Asif Ali and Mammootty on Final round of State Film Awards