| Thursday, 24th April 2025, 1:50 pm

ആഭ്യന്തര കുറ്റവാളി; ആരോപണങ്ങളിൽ വിഷമമുണ്ട്; നിയമപരമായി പോരാടും, സത്യം പുറത്തുകൊണ്ടുവരും: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഏപ്രിൽ 17ന് തിയേറ്ററുകളിൽ എത്തും എന്ന് പറഞ്ഞ ചിത്രം എന്നാൽ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നതുസംബന്ധിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലിയും ചിത്രത്തിന്റെ സംവിധായകനായ സേതുവും നിർമാതാവ് നൈസാദും.

ചിത്രം ഏപ്രിൽ 17നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിനെതിരെ ചില ആരോപണങ്ങൾ വന്നതിനാൽ നിയമപരമായി അതിനെ നേരിടാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും നിർമാതാവും സംവിധായകനും പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ പരിധിയിലാണെന്നും കേസ് തീർത്ത് അടുത്ത മാസത്തിനകം ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. ആസിഫ് അലിയുടെ സോഷ്യൽ മീഡിയ ലൈവിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

‘എൻ്റെ ആഭ്യന്തകുറ്റവാളി എന്തുകൊണ്ടാണ് വൈകുന്നതെന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. അതിന് കൃത്യമായ ഒരു ഉത്തരം എനിക്ക് നൽകേണ്ടതുണ്ട്. ഈ സിനിമ കാണാൻ ആഗ്രഹിച്ചവരും സിനിമയെ കുറിച്ച് അറിഞ്ഞവരും എന്തുകൊണ്ടാണ് ഈ സിനിമയുടെ റിലീസ് മാറ്റിവെച്ചതെന്ന് അറിയണം എന്നുള്ളതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ ലൈവിൽ വന്നത്,’ ആസിഫ് അലി പറഞ്ഞു.

ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനും മറ്റുമായി ഒരുപാട് ദൂരം മുന്നോട്ട് പോയപ്പോഴാണ് ഇത്തരത്തിലൊരു ആരോപണം വന്നതെന്നും താനും ക്രൂവിലുള്ള വേറൊരാളോ ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതുകൊണ്ട് കോടതിയിൽ പോയി സത്യം തെളിയിക്കുമെന്ന് സംവിധായകൻ പറയുന്നു.

‘ഉദ്ദേശിച്ചതുപോലെ സിനിമ ഏപ്രിൽ 17 തന്നെ തിയേറ്ററിൽ എത്തണം എന്നുതന്നെയാണ് കരുതിയത്. അതുമായി ബന്ധപ്പെട്ട് പ്രമോഷനും മറ്റുമായി വളരെ ദൂരം ഞങ്ങൾ പോയിരുന്നു. അതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് നമ്മുടെ സിനിമയെ കുറിച്ച് ഒരുപാട് അലിഗേഷനും മറ്റും വന്നത്. പെട്ടന്ന് ചെറിയ പ്രശ്നമായപ്പോൾ തന്നെ നിയമപരമായി തന്നെ നേരിടാനാണ് ഞങ്ങളുടെ തീരുമാനം. കാരണം ഞാനോ എൻ്റെ ക്രൂവിൽ ഉള്ള മറ്റൊരാളോ ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതുകൊണ്ടും കോടതിയിൽ പോയി സത്യം തെളിയിക്കാൻ കഴിയും എന്നതുകൊണ്ടും കോടതിയിൽ പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം,’ സംവിധായകൻ സേതു പറഞ്ഞു.

‘ഇങ്ങനെ ഒരു പ്രശ്നം ഉള്ളതുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത മാസം ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആരോപണങ്ങൾ ഉന്നയിക്കുന്ന ആരെയും എനിക്ക് അറിയില്ല, ഞാൻ ആരെയും ഇതുവരെയും കണ്ടിട്ടുമില്ല, അവരുമായി ഒരു ബന്ധവുമില്ല. ഡെയിലി വിളിച്ച് ബ്ലാക്ക്മെയിൽ പോലെയാണ്. കാശ് കൊടുക്കണം എന്നും പറഞ്ഞ്. വാങ്ങാത്ത പൈസ നമ്മൾ എങ്ങനെയാണ് തിരിച്ച് കൊടുക്കുന്നത്?,’ നിർമാതാവ് നൈസാദ് പറയുന്നു.

Content highlight: Asif Ali And Crew Of Abhyanthara Kuttavali Movie Reacts On The Film’s Controversy

We use cookies to give you the best possible experience. Learn more