കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ഷാജഹാന് മര്‍ദനമേറ്റു. കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ വെച്ചാണ് മര്‍ദനമേറ്റത്. ഓഫീസ് ജീവനക്കാരനായ സുരേഷ് എം.ബിയാണ് ഷാജഹാനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഷാജഹാന്റെ മുഖത്തിനും പല്ലുകള്‍ക്കും പരിക്കേറ്റു. ഷാജഹാന്റെ പരാതിയില്‍ നടക്കാവ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.
ഇന്ന് (11.08.2025) രാവിലെ 9 മണിക്കാണ് കോഴിക്കോട് ചക്കരോത്തുകുളത്തുള്ള ഓഫീസില്‍ വെച്ചാണ് ഷാജഹാന് മര്‍ദനമേറ്റത്. ജോലികള്‍ കൃത്യമായി ചെയ്യാത്തത് ഷാജഹാന്‍ ചോദ്യം ചെയ്‌തെന്നും ഇതിലുള്ള വിരോധം കാരണം സുരേഷ് ചാവി ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും തെറി വിളിക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് ഓഫീസില്‍ നിന്നും പാലക്കാട് ഓഫീസിലേക്ക് ക്യാമറ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. യാത്രാചെലവിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ ഏഷ്യാനെറ്റില്‍ നിന്നും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
CONTENT HIGHLIGHTS: Asianet news Journalist P. ShahJahan was beaten by an office worker