| Tuesday, 16th June 2026, 4:22 pm

ഏഷ്യ ചിരിക്കുമ്പോള്‍ സൗത്ത് അമേരിക്ക കരയുന്നു; ഇത് ലോകകപ്പിലെ വിസ്മയം

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് ആവേശം നല്‍കി മുന്നേറുകയാണ്. ടൂര്‍ണമെന്റില്‍ 14 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പല കുഞ്ഞന്‍ ടീമുകളും തങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ആരാധകരുടെ മനസ് നിറച്ചുകഴിഞ്ഞിരിക്കുന്നു. പേരുകേട്ട വമ്പന്‍ ടീമുകള്‍ക്കും തങ്ങളുടെ സ്വതസിദ്ധമായ മത്സരം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറെ വിസ്മയിപ്പിക്കുന്നത് ഏഷ്യൻ  ടീമുകളാണ്. ഇതുവരെ കളിച്ച അഞ്ച് ടീമുകളും തോല്‍വിയറിഞ്ഞിട്ടില്ല. സൗത്ത് കൊറിയ, ഖത്തര്‍, ജപ്പാന്‍, സൗദി അറേബ്യ, ഇറാന്‍ എന്നിവരാണ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങിയത്. ഇതില്‍ സൗത്ത് കൊറിയ ജയിച്ചപ്പോള്‍ ബാക്കി ടീമുകള്‍ ആവേശ സമനില സ്വന്തമാക്കുകയായിരുന്നു.

സൗത്ത് കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചാണ് തങ്ങളുടെ പോരാട്ടം തുടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകയായിരുന്നു ടീമിന്റെ വിജയം. പിന്നാലെ കരുത്തരായ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഖത്തര്‍ സമനിലയില്‍ തളച്ചു.

ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് നേടിയാണ് കഴിഞ്ഞ എഡിഷനിലെ ആതിഥേയര്‍ ആരാധകരുടെ മനസ് കവര്‍ന്നത്. പിന്നാലെ വമ്പന്മാരായ നെതര്‍ലാന്‍ഡ്‌സിനെ ഞെട്ടിച്ച് ജപ്പാന്‍ തങ്ങളുടെ പേര് ഉറക്കെ വിളിച്ചുപറഞ്ഞു. രണ്ട് തവണ പിന്നിലായതിന് ശേഷമായിരുന്നു ടീം സമനില പിടിച്ചത്.

മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേയെ വരിഞ്ഞുമുറുക്കിയാണ് സൗദി അറേബ്യ ഒരിക്കല്‍ കൂടി ആരാധകരെ പിടിച്ചുപറ്റിയത്. 2022 ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ടീം അവസാന നിമിഷം ഒരു ഗോള്‍ വഴങ്ങിയാണ് സമനിലയിലെത്തിയത്.

ഒടുവില്‍ ന്യൂസിലാന്‍ഡിനെതിരെ 2 – 2ന്റെ സമനിലയുമായി ഇറാനും തങ്ങളുടെ കരുത്ത് തെളിയിച്ചു. രണ്ട് തവണ പിന്നിലായതിന് ശേഷം തിരിച്ചുവരവ് നടത്തിയായിരുന്നു ടീമിന്റെ സമനില.

ഇവര്‍ക്കൊപ്പം തന്നെ ഏഷ്യന്‍ സോണില്‍ കളിക്കുന്ന ഓസ്‌ട്രേലിയയെയും എടുത്തുപറയേണ്ടതുണ്ട്. തുര്‍ക്കിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ടീമിന്റെ തുടക്കം.

ഏഷ്യന്‍ ടീമുകള്‍ തോല്‍വിയറിയാതെ മുന്നേറുമ്പോള്‍ സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്ക് ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ബ്രസീല്‍, ഉറുഗ്വേ, ഇക്വഡോര്‍, പരാഗ്വേ എന്നിവര്‍ക്കും വിജയിക്കാന്‍ സാധിച്ചില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ മൊറോക്കോക്കോയോട് 1- 1 ന്റെ സമനില വഴങ്ങിയപ്പോള്‍ ഉറുഗ്വേ സൗദിക്ക് മുന്നില്‍ ഇതേ സ്‌കോറില്‍ കീഴടങ്ങി.

പരാഗ്വേയാകട്ടെ സഹ ആതിഥേയരായ അമേരിക്കക്ക് മുന്നില്‍ വീണു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി. ഇക്വഡോറിനും ആദ്യ മത്സരത്തില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഐസ്ലാന്‍ഡിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീം അടിയറവ് പറഞ്ഞത്.

Content Highlight: Asian Teams are unbeaten while South American Teams remain winless so far in FIFA World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more