| Thursday, 1st October 2026, 5:34 pm

ഇന്ത്യ - പാകിസ്ഥാന്‍ ഫൈനലിന് സാക്ഷിയാകാന്‍ ക്രിക്കറ്റ് ലോകം; സിംഹാസനം ആരുടേത്!

ആദർശ് എം.കെ.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലുകളില്‍ ഇരു ടീമുകളും മികച്ച വിജയം നേടിയതോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലിന് സമാനമെന്നോണം ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ഏഷ്യന്‍ ടൈറ്റന്‍സ് നേര്‍ക്കുനേര്‍ വരുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് കലാശപ്പോരാട്ടം.

സെമി പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കോരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 45 റണ്‍സിന് പുറത്താവുകയായിരുന്നു.

വെടിക്കെട്ട് വീരന്‍ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 46 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം പുറത്താകാതെ 80 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. 38 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാണംകെട്ട തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് വെറും 45 റണ്‍സിന് ടീം പുറത്തായി. ഒപ്പം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും മോശം ടോട്ടല്‍ (ഫുള്‍ മാച്ച്) നേടുന്ന ടീം എന്ന അനാവശ്യ നേട്ടവും മരതകദ്വീപിന്റെ മാണിക്യങ്ങള്‍ തങ്ങളുടെ പേരില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ഏഷ്യന്‍ ഗെയിംസ് ഫൈനലിന് ടിക്കറ്റെടുത്തത്. മോശം കാലാവസ്ഥ മൂലം 13 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്ക പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.

സൂപ്പര്‍ താരം തൗഹിദ് ഹൃദോയ്‌യുടെ കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്. 25 പന്ത് നേരിട്ട് 42 റണ്‍സുമായാണ് ഹൃദോയ് കളം വിട്ടത്. 17 പന്തില്‍ 19 റണ്‍സ് നേടിയ സെയ്ഫ് ഹസനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ അബ്ദുല്‍ സമദ് (15 പന്തില്‍ 30), ഹസന്‍ നവാസ് (22 പന്തില്‍ 27), സയീം അയ്യൂബ് (12 പന്തില്‍ 21) എന്നിവരുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Asian Games: India will face Pakistan in Final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more