ഏഷ്യ കപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തന്നെയെത്തുമെന്നും സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കുമെന്നും റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമാണെന്നും പി.ടി.ഐ റിപ്പോര്‍ട്ടിലുണ്ട്. ഓഗസ്റ്റ് 19നോ 20നോ അജിത് അഗാര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരെയായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയതിനാല്‍ ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചേക്കും. പക്ഷേ, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലില്‍ നിന്ന് താരം ശക്തമായ മത്സരം നേരിടേണ്ടി വരും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ഹോം പരമ്പരയില്‍, അക്‌സര്‍ വൈസ് ക്യാപ്റ്റനായിരുന്നു. സൂര്യകുമാര്‍ യാദവ് ടി – 20 ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം നടന്ന ശ്രീലങ്കക്കെതിരെയായ പരമ്പരയില്‍ ഗില്ലും വൈസ് ക്യാപ്റ്റനായിരുന്നു.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സെലക്ഷന്‍ കമ്മിറ്റി മാറ്റാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
‘കഴിഞ്ഞ ഐ.സി.സി റാങ്കിങ്ങില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി – 20 ബാറ്ററാണ് അഭിഷേക് ശര്‍മ. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അതിനാല്‍ ഇത് തീര്‍ച്ചയായും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും, പക്ഷേ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ശുഭ്മന്‍ ഗില്ലിനെ അവഗണിക്കാന്‍ കഴിയില്ല. അവന്‍ ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
യശസ്വി ജെയ്സ്വാളിനും സായ് സുദര്‍ശനും ടീമില്‍ ഇടം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും കെ.എല്‍ രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ തുടരുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ജിതേഷ് ശര്‍മ, ധ്രുവ് ജുറെല്‍ എന്നിവരില്‍ ഒരാളെത്തും.
അക്സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തിയേക്കും. ഫാസ്റ്റ് ബൗളറായി ജസ്പ്രീത് ബുംറ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ താരം വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഏഷ്യ കപ്പ് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഏഷ്യ കപ്പില്‍ കളിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ടാം പേസറായി അര്‍ഷദീപ് സിങ് ടീമില്‍ ഇടം പിടിച്ചേക്കും. മൂന്നാമനാവാനായി പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും തമ്മിലായിരിക്കും മത്സരം.
സാധ്യത സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ/പ്രസിദ്ധ് കൃഷ്ണ, ഹര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറെല്‍
Content Highlight: Asia Cup: Sanju Samson will be first choice wicket keeper and Jasprit Bumrah will play: Report