| Thursday, 21st August 2025, 7:17 am

Asia cup: സഞ്ജു, ഇത് നിനക്കുള്ള വാര്‍ണിങ്: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് ഏഷ്യ കപ്പ്. ഇതിനായി 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ ഡെപ്യൂട്ടിയായി ശുഭ്മന്‍ ഗില്ലുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍, താരം ടീമില്‍ ഏത് സ്ഥാനത്താവും ഇറങ്ങുകയെന്നത് വ്യക്തമല്ല. ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ സഞ്ജു ഓപ്പണിങ്ങില്‍ എത്തിയേക്കില്ലെന്നാണ് വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം കടുപ്പമേറിയതാണെന്നും താരം ടോപ് ഓര്‍ഡറില്‍ കളിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജിതേഷ് ശര്‍മയെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി അഞ്ചാമതോ ആറാമതോ ഇറക്കുകയാണെങ്കില്‍ താരം ഏഷ്യ കപ്പില്‍ കളിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടീം യു.എ.ഇയിലെത്തുമ്പോള്‍ താരങ്ങളുടെ പ്രകടനത്തിനനുസരിച്ചായിരിക്കും പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുക്കുക. ശുഭ് മന്‍ ഗില്ലും അഭിഷേകും ഓപ്പണിങ്ങില്‍ എത്തുമെന്നാണ് എനിക്ക് തോന്നുന്നത്. വണ്‍ ഡൗണായി തിലക് വര്‍മയെത്തും. നാലാമനായി സൂര്യകുമാര്‍ യാദവുമുണ്ടാവും. അങ്ങനെയെങ്കില്‍ സഞ്ജുവിന് ആദ്യ നാലില്‍ സ്ഥാനമുണ്ടാവില്ല.

അത് ജിതേഷ് ശര്‍മയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ആര്‍.സി.ബിയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ അവന്‍ അവിടെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായേക്കാം. അതുകൊണ്ട്, ഗില്‍ ക്യാപ്റ്റനായതും അഭിഷേകിനൊപ്പം ഓപ്പണിങ്ങില്‍ എത്തുന്നതും സഞ്ജുവിനുള്ള വാനിങ്ങാണ് . അവന് ഒരു അവസരം ലഭിച്ചേക്കില്ല,’ കൈഫ് പറഞ്ഞു.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എട്ട് ടീമുകളുള്ള ടൂര്‍ണമെന്റിന് യു.എ.ഇയാണ് വേദി. ഇന്ത്യ പതിവ് പോലെ പാകിസ്താനൊപ്പം ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ-യില്‍ ഇവര്‍ക്കൊപ്പം യു.എ.ഇയും ഒമാനുമുണ്ട്.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Asia Cup: Muhammed Kaif says that Sanju Samson may not get a place in Indian team

Latest Stories

We use cookies to give you the best possible experience. Learn more