| Monday, 18th August 2025, 1:22 pm

സഞ്ജുവല്ല, ഏഷ്യ കപ്പില്‍ ഇവരില്‍ ഒരാള്‍ ഓപ്പണറാവണം: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് ഏഷ്യ കപ്പ്. ഇതില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ പൊസിഷനില്‍ ഏതെല്ലാം താരങ്ങള്‍ കളിക്കണമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അതില്‍ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് ഇന്ത്യയുടെ ഓപ്പണര്‍മാരെ കുറിച്ചാണ്. അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഈ സ്ഥാനത്ത് ഇറങ്ങണമെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ സഞ്ജുവിന് പകരം വേറെ താരങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇതില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.

അഭിഷേക് ശര്‍മയ്ക്കൊപ്പം യുവതാരങ്ങള്‍ ഓപ്പണര്‍മാരായി എത്തണമെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജു ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നത് ഇംഗ്ലണ്ട് പരമ്പരയില്‍ കാണാന്‍ കഴിഞ്ഞെന്നും മറ്റ് ടീമുകള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘സഞ്ജു ഓപ്പണിങ്ങില്‍ എത്തുമോയെന്നത് സംശയമാണ്. ഞാന്‍ ഒരു സെലക്ടറായിരുന്നെങ്കില്‍ അഭിഷേക് ശര്‍മയായിരിക്കും എന്റെ ഫസ്റ്റ് ചോയ്‌സ്. രണ്ടാം ഓപ്പണറായി ഞാന്‍ വൈഭവ് സൂര്യവംശിയെയോ സായ് സുദര്‍ശനെയോ തെരഞ്ഞെടുക്കും. എന്റെ ടി – 20 ലോകകപ്പ് 15 അംഗ സ്‌ക്വാഡിലും വൈഭവ് ഉണ്ടാകും. അവന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

സായ് സുദര്‍ശന്‍ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ് വിന്നറാണെന്നും യശസ്വി ജെയ്സ്വാളും മികച്ച പ്രകടനം നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ മൂന്ന് പേരില്‍ ഒരാള്‍ അഭിഷേകിനൊപ്പം ഓപ്പണറായി എത്തണം. ഇതൊരു മത്സരാധിഷ്ഠിത ലോകമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് നടക്കേണ്ടത് സഞ്ജു സാംസണും ജിതേഷ് ശര്‍മയ്ക്കുമിടയിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇവരില്‍ ആരെത്തണമെന്നതിനാവണം അത്. എന്റെ ടീമില്‍ ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്,’ ശ്രീകാന്ത് പറഞ്ഞു.

അതേസമയം, ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി ഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചേക്കും. സൂര്യകുമാര്‍ യാദവ് നായകനായെത്തുമ്പോള്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണര്‍മാരായി എത്തുമെന്നാണ് വിവരം. ജസ്പ്രീത് ബുംറ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Asia Cup: Kris Srikanth suggest that either Vaibhav Suryavanshi or Sai Sudharsan should  open with Abhishek Sharma, not Sanju Samson

We use cookies to give you the best possible experience. Learn more