ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
കുല്‍ദീപ് യാദവ് നയിച്ച ബൗളിങ് നിരയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ബാറ്റിങ് യൂണിറ്റും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ രണ്ടാം മത്സരവും വിജയിച്ചത്. ഇതോടെ സൂപ്പര്‍ ഫോറിലേക്ക് ഒരടി കൂടി അടുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാകിസ്ഥാന്‍ ബൗളിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. ഷഹീന്‍ അഫ്രീദിയുടെ അവസാന ഘട്ട പോരാട്ടത്തിലായിരുന്നു ടീം 100 കടന്നത്. 16 പന്തില്‍ നാല് സിക്‌സര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. മാത്രമല്ല സഹിബ്‌സാദ ഫര്‍ഹാന്‍ 40 റണ്‍സും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ടീമാകാനാണ് ഇന്ത്യക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രീലങ്കയ്‌ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു.
ഇന്ത്യ – 45
ശ്രീലങ്ക – 45
പാകിസ്ഥാന്‍ – 33
ബംഗ്ലാദേശ് – 13
അഫ്ഗാനിസ്ഥാന്‍ – 8
യു.എ.ഇ – 3
ഒമാന്‍ – 1
ഹോങ്‌കോം – 0
നേപ്പാള്‍ – 0
ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ സൂര്യയാണ്. 37 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് താരം നേടിയത്. അഭിഷേക് ഷര്‍മ 13 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ 31 പന്തില്‍ 31 റണ്‍സ് നേടി. അതേസമയം പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയത് യുവ താരം സയിം അയൂബാണ്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Asia Cup: India Achieve Great Record In Asia Cup History