| Sunday, 28th September 2025, 9:08 pm

ഇന്ത്യയെ വിറപ്പിച്ച് ഫര്‍ഹാനും ഫഖര്‍ സമാനും; വെടിക്കെട്ടില്‍ പിറന്നത് തകര്‍പ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്. മികച്ച തുടക്കമാണ് പാകിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് സമ്മാനിച്ചത്. തുടര്‍ന്ന് 9.4 ഓവറില്‍ 84 റണ്‍സിനാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്.

മികച്ച പ്രകടനം കാഴ്ചവെച്ച സഹിബ്‌സാദ ഫര്‍ഹാനെയാണ് ടീമിന് നഷ്ടപ്പെട്ടത്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. 150 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി തിലക് വര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ നിന്ന് ഫര്‍ഹാനും ഫഖര്‍ സമാനും നേടിയത്. ഇന്ത്യക്കെതിരെയുള്ള ടൂര്‍ണമെന്റുകളിലെ ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കൂട്ടുകെട്ടാകാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ഇന്ത്യക്കെതിരെയുള്ള ടൂര്‍ണമെന്റുകളിലെ ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കൂട്ടുകെട്ട്, റണ്‍സ്, വര്‍ഷം

സഹിബ്‌സാദ ഫര്‍ഹാന്‍ & ഫഖര്‍ സമാന്‍ – 84 – 2025

ഗുല്‍ബാദിന്‍ നായിബ് & ഷാഹിദുള്ള – 60* – 2023

ക്വിന്റണ്‍ ഡി കോക്ക് & ട്രിസ്റ്റന്‍ സ്റ്റബ്‌സ് – 58 – 2024

കുമാര്‍ സങ്കക്കാര & ടി. പെരേര – 56* – 2014

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഷഹീന്‍ അഫ്രീദി, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്

അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഫൈനലിന് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാണെന്നാണ് വിലയിരുത്തല്‍.

Content Highlight: Asia Cup Final: Sahibzada Farhan And Fakhar saman In Great Record Achievement Against India

We use cookies to give you the best possible experience. Learn more