| Sunday, 28th September 2025, 7:30 pm

നിരന്തരമായ മാറ്റങ്ങള്‍ കളിക്കാരെ ബാധിക്കും; പാകിസ്ഥാന് നിര്‍ദേശവുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഫൈനലിന് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാണെന്നാണ് വിലയിരുത്തല്‍.

പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെയായിരുന്നു ടീം ടൂര്‍ണമെന്റിന് എത്തിയത്. എന്നിരുന്നാലും വമ്പന്‍ പ്രകടനങ്ങളൊന്നുമില്ലാതെയാണ് മെന്‍ ഇന്‍ ഗ്രീന്‍ ഫൈനലിലെത്തിയത്. ഇതോടെ പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

പാകിസ്ഥാന്‍ ടീമിന് സ്ഥിരതയില്ലെന്നും നിരന്തരമായ മാറ്റങ്ങള്‍ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും പത്താന്‍ പറഞ്ഞു. മാത്രമല്ല ബാബര്‍ അസമിനെ താന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും നിലവിലെ കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാബര്‍ മികച്ചവനാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ക്യാപ്റ്റനാകാന്‍ ആര്‍ക്കും സാധിക്കും, പാകിസ്ഥാന്‍ ടീമിന് സ്ഥിരതയില്ല. മാത്രമല്ല നിരന്തരമായ മാറ്റങ്ങള്‍ കളിക്കാരെ ബാധിക്കുന്നതുകൊണ്ടാണ് അവരില്‍ പലര്‍ മികച്ച പ്രകടന കാഴ്ചവെക്കാന്‍ സാധിക്കാത്തത്. പുതിയ പരിശീലകന്‍ തന്റെ കളിക്കാര്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ല.

ബാബര്‍ അസമിനെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ നിലവിലെ കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാബര്‍ ഇപ്പോഴും അവരെക്കാള്‍ മികച്ചവനാണ്,’ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കുമായുള്ള അഭിമുഖത്തില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Content Highlight: Asia Cup Final: Irfan Pathan Talking About Pakistan Team

We use cookies to give you the best possible experience. Learn more