| Thursday, 11th September 2025, 11:57 pm

ഹോങ്‌കോങ്ങിനെ തകര്‍ത്ത് ബംഗ്ലാദേശ്; രണ്ടാം മത്സരത്തിലും നിരാശ!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഹോങ്‌കോങ്ങിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാശ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സായിരുന്നു ഹോങ്‌കോങ് നേടിയത്. മറുപടി ബാറ്റില്‍ 17.4 ഓവറില്‍ 144 റണ്‍സ് നേടി ബംഗ്ലാദേശ് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഹോങ് കോങ് പരാജയപ്പെട്ടിരിക്കുകയാണ്.

ബംഗ്ലാദേശിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസാണ്. 39 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് താരം നേടിയത്. താരത്തിന് പിറകെ തൗഹിദ് ഹൃദ്യോയി 36 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹോങ് കോങ്ങിന് വേണ്ടി അതീഖ് ഇഖ്ബാല്‍ രണ്ട് വിക്കറ്റുകള്ഡ നേടിയപ്പോള്‍ ആയുഷ് ശുക്ല ഒരു വിക്കറ്റും നേടി.

ഹോങ്‌കോങ്ങിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിസാക്കത് ഖാനാണ്. നാലാമനായി ഇറങ്ങി 40 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. മാത്രമല്ല ഓപ്പണറും വിക്കറ്റ് കീപ്പറുമായ സീഷന്‍ അലി 34 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ യാസിം മുര്‍ത്താസ 19 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും വീതം നേടി 28 റണ്‍സ് നേടിയിരുന്നു. വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ ആദ്യ മത്സരത്തിനേക്കാള്‍ മികച്ച പ്രകടനമാണ് ഹോങ് കോങ് കാഴ്ച്ചവെച്ചത്. മാത്രമല്ല ബംഗ്ലാദേശിന് ഒരു വെല്ലുവിളികൂടിയാണ് ഹോങ്‌കോങ് ഉയര്‍ത്തിയത്.

ബംഗ്ലാദേശിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് തന്‍സിബ് ഹസന്‍ സാക്കിബാണ്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 5.25 എന്ന എക്കോണമിയും താരത്തിനുണ്ട്. തസ്‌കിന്‍ അഹമ്മദ്, റാഷിദ് ഹൊസൈന്‍ എന്നിവരും രണ്ട് വിക്കറ്റ് നേടി ടീമിന്റെ വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.

ഹോങ് കോങ് പ്ലെയിങ് ഇലവന്‍

സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), അന്‍ഷുമാന്‍ റാത്ത്, ബാബര്‍ ഹയാത്ത്, നിസാക്കത്ത് ഖാന്‍, കല്‍ഹാന്‍ ചല്ലു, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ഐസാസ് ഖാന്‍, ഇഹ്സാന്‍ ഖാന്‍, ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, പര്‍വെസ് ഹൊസൈന്‍ ഇമോന്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദ്യോയ്, ഷമീം ഹൊസൈന്‍, ജാക്കെര്‍ അലി, മെഹ്ദി ഹസന്‍, തന്‍സിദ് ഹസന്‍ സാക്കിബ്, റിഷാദ് ഹൊസൈന്‍, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസൂര്‍ റഹ്‌മാന്‍

Content Highlight: Asia Cup: Bangladesh Won Against Hong Kong

We use cookies to give you the best possible experience. Learn more