| Friday, 19th September 2025, 12:05 am

ലങ്കയ്‌ക്കെതിരെ പൊരുതി തോറ്റ് അഫ്ഗാനിസ്ഥാന്‍; സൂപ്പര്‍ ഫോറില്‍ ഇടം നേടി ബംഗ്ലാദേശും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ശ്രീലങ്ക. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ലങ്ക വിജയിച്ചത്. മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ മറികടക്കുതയായിരുന്നു ലങ്ക.

ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം 171 റണ്‍സ് നേടി വിജയം നേടിയതും സൂപ്പര്‍ ഫോറില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതും. ഇതോടെ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയും മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശുമാണ് സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. എ ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേരത്തെ സൂപ്പര്‍ ഫോറില്‍ ഇടം പിടിച്ചിരുന്നു.

അഫ്ഗാനെതിരെ കുശാല്‍ 52 പന്തില്‍ നിന്ന് 10 ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സ് നേടിയാണ് മികവ് തെളിയിച്ചത്. കുശാല്‍ പെരേര 28 റണ്‍സ് നേടി താരത്തിന് പിന്തുണ നല്‍കിയാണ് മടങ്ങിയത്. മാത്രമല്ല കാമിന്ദു മെന്‍ഡിസ് 13 പന്തില്‍ 26 റണ്‍സ് നേടി മികവ് പുലര്‍ത്തി.

അതേസമയം അഫ്ഗാന് വേണ്ടി മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുള്ള, നബി, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി. അഫ്ഗാന് വേണ്ടി ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബിയാണ് അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. വെറും 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നബി അടിച്ചുകൂട്ടിയത്. 272.73 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു നബി ആറാടിയത്.

19ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 137 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാന് വേണ്ടി അവസാന ഓവറില്‍ അഞ്ച് സിക്‌സുകളാണ് നബി തലങ്ങും വിലങ്ങും പറത്തിയടിച്ചത്. ദുനിത് വെല്ലാലഗെയുടെ ഓവറിലായിരുന്നു നബി തന്റെ മാസ് അറ്റാക്കിങ് നടത്തി ആരാധകരെ ആവേശത്തിലാക്കിയത്. അതേസമയം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 23 പന്തില്‍ 24 റണ്‍സ് നേടി നബിക്ക് പിന്തുണ നല്‍തിയിരുന്നു.

അതേസമയം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നുവാന്‍ തുഷാരയാണ് റഹ്‌മാനുള്ള ഗുര്‍ബാസ് (14 റണ്‍സ്), സെദ്ദിഖുള്ള അടല്‍ (18 റണ്‍സ്), കരീം ജനത് (1 റണ്‍സ്), റാഷിദ് ഖാന്‍ (24) എന്നിവരെയാണ് താരം പുറത്താക്കിയത്. താരത്തിന് പുറമെ ദുനിത് വെല്ലാലഗെ, ദാസുന്‍ ശനക, ദുശ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Asia Cup: Afghanistan Lost Against Sri Lanka In Crucial Match

We use cookies to give you the best possible experience. Learn more