| Sunday, 24th August 2025, 9:40 pm

ശ്രേയസിന് ടീമില്‍ ഇടമില്ലാത്തിന് കാരണം ഈഗോ ക്ലാഷോ? സംശയമുയര്‍ത്തി ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ശ്രേയസ് അയ്യരെ പുറത്താക്കിയതില്‍ പ്രതികരിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡി വില്ലിയേഴ്സ്. ശ്രേയസ് അയ്യരിനെ പോലുള്ള നിലവാരമുള്ള ഒരു താരത്തെ ടീമിലെടുക്കാത്തത് വിചിത്രമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

താരത്തിന് ടീമില്‍ ഇടം ലഭിക്കാത്തിന് കാരണം ഈഗോ ക്ലാഷ് ഒഴിവാക്കുന്നതിനാണോ എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു എ.ബി.ഡി.

‘ഞാന്‍ ക്യാപ്റ്റന്‍ ആവുമ്പോള്‍ രണ്ട് താരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ടീമിന് കൂടുതല്‍ ഗുണമുള്ള ഒരാളെയാണ് ഞാന്‍ എടുക്കുക. രണ്ട് പേരും ഒരുപോലെയെങ്കില്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ നോക്കുകയുള്ളൂ.

ശ്രേയസിന് ടീമിലെടുക്കാത്തതിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാവാം. ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള അവനെ പോലെ ഒരു നിലവാരമുള്ള താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിചിത്രമാണ്. ചിലപ്പോള്‍ ടീമില്‍ ഒരുപാട് ക്യാപ്റ്റന്മാരുള്ളതാവാം അവന്‍ പുറത്താവാന്‍ കാരണം.

അല്ലെങ്കില്‍ അവന്‍ ടീമില്‍ എത്തിയാല്‍ വല്ല ക്ലാഷുമുണ്ടാവാം. ഇത് എന്റെ ഊഹം മാത്രമാണ്. ഒരു ദിവസം അവന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വരും,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

താനൊരു സെലക്ടറായിരുന്നെങ്കില്‍ ശ്രേയസ് തന്റെ ടീമില്‍ ഉറപ്പായും ഉണ്ടാകുമായിരുന്നെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. പുറത്തിരിക്കാന്‍ കാരണം ചിലപ്പോള്‍ അവന് പോലും അറിയുന്നുണ്ടാവില്ല. എന്താണ് മാനേജ്‌മെന്റില്‍ നടക്കുന്നതെന്ന് നമുക്ക് അറിയില്ല. വര്‍ഷങ്ങളോളം നടന്ന കാര്യങ്ങള്‍ ടൂര്‍ണമെന്റിന് അവനെ യോഗ്യനല്ലാതെ ആക്കിയതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലാണ് നടക്കുക. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Asia Cup: AB De Villiers says that Shreyas  Iyer’s omision from India Team is weird

We use cookies to give you the best possible experience. Learn more